അയര്‍ലണ്ടില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; രാത്രിയിലും അതിശൈത്യം

 

ശക്തമായ വെള്ളപ്പൊക്കത്തില്‍ ലാവോസ് നഗരത്തിലെ മൗണ്ട് മെലിക്കില്‍ നിന്ന് അനേകം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പോര്‍ട്ട് ലാവോസില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ചെറിയ പട്ടണമാണ് മൗണ്ട് മെലിക്. നഗരത്തിലെ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് കുടുംബങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് റോഡുകളും തെരുവുകളും വെള്ളത്തിനടിയിലായി.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തങ്ങളുമായി സൈന്യം രംഗത്തിറങ്ങുമെന്ന് ലാവോസ് റ്റിഡിയും നീതിന്യായ വകുപ്പ് മന്ത്രിയുമായ ചാര്‍ളി ഫ്‌ളാനഗന്‍ പറഞ്ഞു. കഠിനമായ വെള്ളപ്പൊക്കം മൂലം പോര്‍ട്ട് ലാവോസ് വഴിയുള്ള എല്ലാ റൂട്ടുകളും വാഹനയാത്രക്കാര്‍ ഒഴിവാക്കണമെന്ന് ഗാര്‍ഡ നിര്‍ദ്ദേശിച്ചിട്ടുണ്ട്, പോര്‍ട്ട് ലാവോസ്-തുള്ളിമോര്‍ റൂട്ട് ഉപയോഗിക്കുന്ന വാഹനയാത്രക്കാര്‍ പോര്‍ട്ടര്‍ലിംഗ്ടണ്‍ വഴി തിരിഞ്ഞു പോകണമെന്ന് AA റോഡ് വാച്ച് നിര്‍ദ്ദേശിച്ചു.

ഇന്നലത്തെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കഠിനമായ ശൈത്യമാണ് അയര്‍ലന്റിലെ മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. ഈ വാരാന്ത്യം മുഴുവന്‍ തണുപ്പേറിയതും മഞ്ഞ് വീഴ്ചയുള്ളതുമായ അന്തരീക്ഷമായിരിക്കുമെന്ന് മെറ്റ് ഐറാന്‍ വ്യക്തമാക്കി കഴിഞ്ഞു. റോഡുകളില്‍ മഞ്ഞ് വീഴ്ചയുള്ളതുകൊണ്ട് വാഹയാത്രക്കാര്‍ ജാഗ്രത പാലിക്കുക.

ഡബ്ലിന്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലും വെള്ളം കയറി ഗതാഗത തടസം ഉണ്ടാക്കി.കനത്ത മഴയാണ് ഡബ്ലിന്‍,കില്‍ഡെയര്‍ കൗണ്ടികളിലും പെയ്തത്. മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ വൃത്തങ്ങള്‍ അറിയിച്ചു.രാത്രിയിലും അതികഠിനമായ ശൈത്യമായിരിക്കും അനുഭവപ്പെടുക. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.

ഡികെ

 

Share this news

Leave a Reply

%d bloggers like this: