ക്രിസ്മസ് വിപണികളില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്.

 

സിറിയയിലെയും ഇറാഖിലെയും ഐസിസ് താവളങ്ങളില്‍ നിന്നും ഭീകരാക്രമണത്തില്‍ പരിശീലനം നേടിയ നൂറ് കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ യൂറോപ്പിലേക്ക് കടന്ന് വരുമെന്നും ക്രിസ്മസ് പരിപാടികള്‍ക്കിടയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നു. ശക്തമായ ആക്രമണത്തിലൂടെ തങ്ങളെ റാഖയില്‍ നിന്നും തുരത്തിയോടിച്ചതിനുള്ള പ്രതികാരമായിട്ടാണ് ഐസിസിന്റെ ഈ പുതിയ നീക്കമെന്നും മുന്നറിയിപ്പുണ്ട്. പ്രധാനമായും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങളാണ് ഭീകരര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. ജിഹാദി മുഖംമറച്ച് നില്‍ക്കുന്നതും സാന്റാക്‌ളോസിന്റെ കൈകള്‍ കെട്ടി മുട്ടുകുത്തി നിര്‍ത്തിയ പോസ്റ്ററുകളും ഇവര്‍ മെസേജിങ് അപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ചിംഗ്ളീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളില്‍ നല്‍കുന്ന ഭീഷണിയില്‍ ‘ഉടന്‍ നിങ്ങളുടെ ഹോളിഡേകളില്‍’ എന്ന തരത്തിലുള്ള സന്ദേശമാണുള്ളത്. യൂറോപ്പില്‍ ഏതു നിമിഷവും ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്.

ഫ്രാന്‍സിനുള്ള ഭീഷണിയില്‍ ചോര പടര്‍ന്ന കത്തിയുടെ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് കയറ്റിരിക്കുന്നത്. പാരീസ് ക്രിസ്മസ് മാര്‍ക്കറ്റും, ഈഫല്‍ ടവറുമാണ് പിന്നണിയില്‍. ക്രിസ്മസ് പിപണിയില്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിക്കുകയായിരുന്ന ആറു പേരെ ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണി. കഴിഞ്ഞ വര്‍ഷം ബെര്‍ലിനില്‍ നടന്ന ഭീകരാക്രമണങ്ങളുടെ വാര്‍ഷികങ്ങള്‍ക്കിടെയാണ് ജിഹാദികളെ പിടികൂടിയത്. 500 ഓഫീസര്‍മാര്‍ വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡിലാണ് സിറിയക്കാരായ ഭീകരര്‍ പിടിയിലായത്. യൂറോപ്പില്‍ സഞ്ചരിക്കുന്ന പൗരന്മാര്‍ക്ക് ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിസ്മസ് ന്യൂഇയര്‍ കാലത്ത് യുറോപ്പിലെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തുര്‍ക്കിഷ് ഇന്റലിജന്‍സ് ഓഫീസര്‍മാരാണ് ഈ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. ഐസിസ് തലവന്‍ അബുബക്കര്‍ ബാഗ്ദാദിയും ബ്രിട്ടീഷ് ജിഹാദികള്‍ അടക്കമുള്ള സായുധരായ ആയിരക്കണക്കിന് ഭീകരരും റാഖയില്‍ നിന്നും രക്ഷപ്പെട്ടുവെന്നും തുര്‍ക്കിഷ് ഇന്റലിജന്‍സ് വെളിപ്പെടുത്തുന്നു. അഞ്ചാഴ്ച മുമ്പുണ്ടാക്കിയ ഒരു രഹസ്യ സമാധാന ഉടമ്പടി പ്രകാരമായിരുന്നു അവരുടെ പലായനമെന്നും സൂചനയുണ്ട്. ഐസിസ് നിരവധി പേരെ തുര്‍ക്കിയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും അവര്‍ യൂറോപ്പിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ടെന്നുമാണ് തുര്‍ക്കിഷ് ഇന്റലിജന്‍സ് വെളിപ്പെടുത്തുന്നത്.

ജിഹാദിന്റെ പേരില്‍ ഇപ്പോഴും ആളുകളെ ആകര്‍ഷിച്ച് അവരെക്കൊണ്ട് കടുത്ത ആക്രമണങ്ങള്‍ നടത്തിക്കാന്‍ ഐസിസിന് ഇപ്പോഴും പ്രാപ്തിയുണ്ടെന്നാണ് കരുതുന്നതെന്നാണ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്. സംയുക്ത സേനയുടെ പിന്തുണയോടെ കുര്‍ദിഷ് സേനകള്‍ നടത്തിയ പോരാട്ടത്തിലൂടെ റാഖ തിരിച്ച് പിടിച്ചതിനെ തുടര്‍ന്നായിരുന്നു ബാഗ്ദാദി അടക്കമുള്ള നിരവധി സീനിയര്‍ ഐസിസ് നേതാക്കന്‍മാര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ നടുവൊടിച്ചിട്ടുണ്ടെങ്കിലും സ്ലീപ്പിങ് സെല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയാത്തതാണ് ഭീഷണി വര്‍ധിപ്പിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: