വിമാനടിക്കറ്റ് റദ്ദാക്കിയാല്‍ ഈടാക്കുന്ന പിഴ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി

 

വിമാനടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ വന്‍ തുക പിഴയായി ഈടാക്കുന്ന നടപടി ഉടനടി അവസാനിപ്പിക്കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെടുമെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ 3000 രൂപയോളമാണ് ആഭ്യന്തര യാത്രകളിലുള്‍പ്പെടെ പല കമ്പനികളും പിഴയായി ഈടാക്കുന്നത്. ന്യായമായ തുക മാത്രമെ ഇങ്ങനെ ഈടാക്കാവൂ എന്ന് കേന്ദ്രം കമ്പനികളോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പലപ്പോഴും ഇത് ടിക്കറ്റിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ്. നേരത്തെ ടിക്കറ്റ് ബുക്കു ചെയ്യുന്ന പ്രവണത കുറയുന്നതിനും ഇത് ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ രാജ്യത്ത് വിമാന യാത്രികരുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു ഭാഗത്തേയ്ക് മാത്രമുള്ള യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ അധിക ചാര്‍ജാണ് നല്‍കേണ്ടിവരുന്നത്. കേന്ദ്രസര്‍ക്കാരിന്‍രെ ഉഡാന്‍ പദ്ധതിയ്ക്ക് കീഴില്‍ ഒരു മണിക്കൂറിന് 2500 രൂപ വച്ചാണ് ഈടാക്കുന്നത്. ഇത്തരം ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ 3000 രൂപയാണ് യാത്രക്കാര്‍ നല്‍കേണ്ടിവരുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു.

ടിക്കറ്റ് റദ്ദാക്കുമ്പോള്‍ വിമാനകമ്പനികള്‍ ഈടാക്കുന്ന തുക പരിശോധിക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തെ ചില വിമാന കമ്പനികള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് അമിത തുക ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ അമിത ചാര്‍ജ് ഈടാക്കുന്നത് യാത്രക്കാരെ കുറഞ്ഞ നിരക്ക് ലഭിക്കുന്നതിനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്ന് തടയുന്നുണ്ടെന്നും ട്രാവല്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ നിരക്കില്‍ ഒരുമാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഇത് റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്നും മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് എയര്‍ലൈനുകള്‍ ചാര്‍ജുകള്‍ ഉയര്‍ത്തുകയാണെന്നും യാത്രക്കാരും ആരോപിക്കുന്നുണ്ട്. നേരത്തെ ബുക്ക് ചെയ്യാതെ യാത്ര ചെയ്യേണ്ട തിയ്യതിയോടനുബന്ധിച്ച് ബുക്ക് ചെയ്യുമ്പോള്‍ കമ്പനികള്‍ കുത്തനെ ചാര്‍ജ് ഉയര്‍ത്തുകയാണെന്നും ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈ ചാര്‍ജിന് പുറമേ ചെക്ക് ഇന്‍ ബാഗേജിന് മേലുള്ള ചാര്‍ജും വിമാന കമ്പനികള്‍ ഉയര്‍ത്തുന്നുണ്ട്. രാജ്യത്തിനുള്ളിലെ യാത്രയ്ക്ക് 15 കിലോ ബാഗേജാണ് വിമാനങ്ങളില്‍ അനുവദനീയമായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ നിര്‍ണയിച്ചുകൊണ്ട് ഒരു ബില്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ജയന്ത് സിന്‍ഹ വ്യക്തമാക്കി. യാത്രക്കാരുടെ അവകാശങ്ങളും ചുമതലകളും കൃത്യമായി പ്രതിപാദിക്കുന്നതായിരിക്കും ബില്ല്. കഴിഞ്ഞ 3.5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ കുത്തനെ രണ്ടിരട്ടിയായെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കമെന്നതും ശ്രദ്ധേയമാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: