ഗുജറാത്ത് ഇന്ന് ഒന്നാംഘട്ട വിധിയെഴുതും; ആത്മവിശ്വാസത്തില്‍ ബിജെപിയും കോണ്‍ഗ്രസും

 

ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടവോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ എട്ട് മണിക്കാണ് വോട്ടിംഗ് ആരംഭിക്കുന്നത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. ഭരണം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി, തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും.

977 സ്ഥാനാര്‍ത്ഥികള്‍ ആണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 2.12 കോടി വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. നിലവില്‍ ഈ 89 മണ്ഡലങ്ങളില്‍ 63 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. കോണ്‍ഗ്രസിന് സ്വന്തമായുള്ളത് 16 മണ്ഡലങ്ങളും. ബിജെപി 89 മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 87 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. രണ്ട് മണ്ഡലങ്ങളില്‍ ജെഡി (യു) ശരദ് യാദവ് പക്ഷത്തിനാണ് നല്‍കിയിരിക്കുന്നത്.

ഒന്നാംഘട്ടതെരഞ്ഞെടുപ്പിനായി 24, 698 പോളിം സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിനൊപ്പം വിവിപാറ്റ് യന്ത്രങ്ങളും ഉപയോഗിക്കുന്നു എന്നതാണ് ഇത്തവണത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത. മുഖ്യമന്ത്രി വിജയ് രൂപാണി, കോണ്‍ഗ്രസ് നേതാക്കളായ ശക്തിസിംഗ് ഗോഹില്‍, പരേഷ് ധനാനി എന്നിവരാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്ക് നേര്‍ പോരാട്ടമാണ്.

വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവിലാണ് ഗുജറാത്ത് ഒന്നാംഘട്ട പോളിംഗിന് ബൂത്തുകളിലേക്ക് നീങ്ങുന്നത്. വികസനത്തിന് അപ്പുറം തീവ്രഹിന്ദുത്വവും ജാതി-മത രാഷ്ട്രീയങ്ങളുമാണ് ഇത്തവണയും ഗുജറാത്തിന്റെ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകങ്ങളായിരിക്കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: