ബ്രെക്‌സിറ്റ് കരാര്‍ ധാരണയ്ക്ക് ശേഷം വ്യാപാര ചര്‍ച്ചകള്‍ മതിയെന്ന് ബ്രിട്ടനോട് അയര്‍ലന്‍ഡ്

 

ബ്രെക്‌സിറ്റ് കരാറിന്റെ കാര്യത്തില്‍ ധാരണയായ ശേഷം മാത്രം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാര ചര്‍ച്ച നടത്തിയാല്‍ മതിയെന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. വ്യാപാര ചര്‍ച്ചകള്‍ വേഗം തുടങ്ങുന്നതിനു സമ്മര്‍ദം ചെലുത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രസല്‍സിലേക്കു പോയ സമയത്താണ് വരദ്കറുടെ പ്രസ്താവന എന്നതും ശ്രദ്ധേയം.

ബ്രെക്‌സിറ്റിന്റെ അന്തിമ കരാര്‍ പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ അംഗീകരിക്കാന്‍ സാധിക്കൂ എന്ന തരത്തില്‍ ഭേദഗതി ബില്‍ എംപിമാര്‍ പാസാക്കിയത് തെരേസയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇത് ബ്രസല്‍സില്‍ അവരുടെ നിലപാടുകളുടെ കരുത്തു കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

ബ്രെക്‌സിറ്റ് ഇനിയാര്‍ക്കും തടയാന്‍ കഴിയില്ലെന്നാണ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടത്. ഭേദഗതി ബില്‍ പാസായെങ്കിലും മികച്ച ബ്രെക്‌സിറ്റ് ബില്‍ തന്നെ സാധ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിക്കാനുള്ള വഴി തെളിഞ്ഞു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. വ്യാപാര ചര്‍ച്ചകള്‍ക്കു വേഗത്തില്‍ തുടക്കം കുറിക്കുന്നതിനു സമ്മര്‍ദം ചെലുത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ബ്രസല്‍സിലെത്തിയിട്ടുണ്ട്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതോടെ ഏതുതരം ബന്ധമാണ് മുന്നോട്ടുകൊണ്ടുപോവുകയെന്നതില്‍ വ്യക്തത വേണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്ന ചര്‍ച്ചയുടെ അടുത്തഘട്ടം എളുപ്പമല്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

2019 മാര്‍ച്ചോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം. ഒന്നാം ഘട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായതായി നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വ്യാപാരം, സുരക്ഷ, സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ മാര്‍ച്ചില്‍ തുടങ്ങാനും തീരുമാനിച്ചു. ചര്‍ച്ച വിജയകരമായി രണ്ടാംഘട്ടത്തിലെത്തിച്ചതിന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് തെരേസ മേയ്യെ അഭിനന്ദിച്ചു.

ബ്രിട്ടിഷ് പാര്‍ലമന്റെിന്റെ അനുമതിയില്ലാതെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ഭേദഗതി പാസാക്കിയതോടെ, ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക വോട്ടെടുപ്പില്‍ തെരേസക്കു തിരിച്ചടിയേറ്റിരുന്നു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: