തോക്കുചൂണ്ടി മുഖം മൂടി ധരിച്ച് കട കൊള്ളയടിക്കാനെത്തിയ മോഷ്ടാവിനെ കുടുക്കി മലയാളി കടയുടമ ; യുകെയില്‍ താരമായി സിബു

 

കടയില്‍ മോഷ്ടിക്കാനെത്തിയയാളെ കീഴ്പ്പെടുത്തിയ യുകെയിലെ ലെസ്റ്റര്‍ സ്വദേശിയായ മലയാളി താരമായി. തൊടുപുഴ കുടയത്തൂര്‍ സ്വദേശിയായ സിബു കുരുവിളയാണ് കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവിനെ ആക്രമിച്ച് കീഴടക്കി യുകെ മലയാളികള്‍ക്കിടയില്‍ താരമാകുന്നത്.ശനിയാഴ്ച വൈകീട്ട് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് പോയ സിബു മക്കളേയും കൂട്ടി പള്ളിയിലേക്ക് പോയിരുന്നു. മടങ്ങാന്‍ നേരം ഒന്നുകൂടി ഷോപ്പിലേക്ക് പോകാമെന്ന് തോന്നിയതോടെ മോഷ്ടാവ് കുടുങ്ങുകയായിരുന്നു.

ഭാര്യയ്ക്ക് നൈറ്റ് ഷിഫ്റ്റായതിനാല്‍ രണ്ടു കുട്ടികളും സിബുവിന് ഒപ്പമുണ്ടായിരുന്നു.കടയിലെ ജോലിക്കാരുമായി ചേര്‍ന്ന് കട അടയ്ക്കാനുള്ള അവസാന ജോലികള്‍ ചെയ്യവേയാണ് കവര്‍ച്ചാശ്രമമുണ്ടായത്.

അകത്ത് കടന്ന് മാഗസിനുകള്‍ അടുക്കുകയായിരുന്ന സിബു പുറത്തു വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. ക്യാഷ് കൗണ്ടറില്‍ നിന്നിരുന്ന നജീബ് നസീറിന് മുന്നില്‍ പണം തരാന്‍ തോക്കുചൂണ്ടി മോഷ്ടാവ് ആവശ്യപ്പെട്ടു. എന്നാല്‍ താനാണ് ഷോപ്പുടമയെന്നും ജീവനക്കാരനെ വെറുതെവിടാനും സിബു പറഞ്ഞു. കുട്ടികളോട് ഓഫീസില്‍ കയറി വാതില്‍ അടയ്ക്കാനും സിബു പറഞ്ഞു.

പണമെടുക്കാനെന്ന ഭാവത്തില്‍ ക്യാഷ് കൗണ്ടറിന് സമീപം സിബു എത്തി. പണം നല്‍കുമെന്ന വിശ്വാസത്തില്‍ ശ്രദ്ധമാറി നിന്ന മോഷ്ടാവിനെ സിബു കീഴടക്കുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ ഇയാളെ കീഴടക്കി. ഉടന്‍ പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസെത്തി മോഷ്ടാവിനെ പിടിച്ചു. സിസിടിവി ദൃശ്യത്തില്‍ എല്ലാം പതിഞ്ഞു. കരാട്ടെ ബ്ലാക്ക് ബെല്‍റ്റായ സിബു അക്രമിയെ കീഴടക്കിയത് മനോബലം കൊണ്ട് തന്നെയാണ്. യുകെയിലെത്തിയ ശേഷം കരാട്ടെ പഠിച്ച സിബു ക്ലാസും നടത്തുന്നുണ്ട്. ദീപയാണ് ഭാര്യ. 9 ഉം 6 ഉം വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. എല്ലാവരും ഈ ധൈര്യത്തെ പ്രശംസിക്കുകയാണ്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: