ഫ്രോസണ്‍ ടര്‍ക്കി ചീഞ്ഞു പോയത് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ ടെസ്‌കോ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞു

ക്രിസ്മസ് ആഘോഷങ്ങള്‍ കുളമാക്കിയെന്ന ആരോപണവുമായി ടെസ്‌കോയ്ക്കെതിരെ യുകെയിലെ ഉപഭോക്താക്കള്‍ രംഗത്ത്. ക്രിസ്മസ് ദിനത്തില്‍ പാകം ചെയ്യാനായി വാങ്ങിവെച്ച ടര്‍ക്കി മാംസം ദുര്‍ഗന്ധം വമിച്ച് ചീഞ്ഞ നിലയിലായെന്നാണ് ഉപഭോക്താക്കള്‍ അവകാശപ്പെടുന്നത്. ആഘോഷകാല ടര്‍ക്കികള്‍ മോശമായ അവസ്ഥയിലായിരുന്നെന്നും, ആസിഡിന്റെ ചുവയുണ്ടായിരുന്നതായുമുള്ള ഉപഭോക്താക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി വ്യക്തമാക്കി. ടെസ്‌കോ ടര്‍ക്കികള്‍ കേടായെന്ന് അവസാന നിമിഷം മനസ്സിലാക്കിയപ്പോള്‍ ടേക്ക്എവേ ഓര്‍ഡര്‍ ചെയ്യേണ്ട ഗതികേട് ഉണ്ടായെന്നാണ് ചില കുടുംബങ്ങള്‍ പരാതിപ്പെടുന്നത്. അതേസമയം അയര്‍ലണ്ടില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ദുര്‍ഗന്ധം വമിക്കുന്ന ടര്‍ക്കികള്‍ മൂലം ഡിന്നര്‍ തന്നെ ഒഴിവാക്കാന്‍ ചിലര്‍ നിര്‍ബന്ധിതമായി. ഓവനില്‍ വെയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. ഭക്ഷണമൊക്കെ ഒരുക്കി തീന്‍മേശയില്‍ വെച്ച് കഴിച്ച് തുടങ്ങിയപ്പോഴാണ് പ്രശ്നം മനസ്സിലാക്കിയതെന്ന് ചിലര്‍ പറയുന്നു. ബ്ലീച്ച്, ആസിഡ് എന്നിവയുടെ ചുവയായിരുന്നു ടര്‍ക്കിക്ക്. സ്റ്റോറില്‍ നിന്നും 59 പൗണ്ട് വരെ കൊടുത്ത് വാങ്ങി ക്രിസ്മസ് കുളമായ രോഷം പല ഉപഭോക്താക്കളും ഫേസ്ബുക്കിലും, ട്വിറ്ററിലുമാണ് തീര്‍ത്തത്. കേരളത്തില്‍നിന്നെത്തുന്ന പച്ചക്കറികളില്‍ വിഷം ഉണ്ടെന്ന ആശങ്ക പങ്കുവയ്ക്കുന്ന മലയാളികള്‍ മിക്കവാറും ടെസ്‌കോയുടെ ഉപഭോക്താക്കളാണ് എന്നതാണ് ഏറെ രസകരം.

ഫ്രോസണ്‍ ടര്‍ക്കി ചീഞ്ഞു പോയത് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ ടെസ്‌കോ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞു. കൂടാതെ റീഫണ്ട് നല്‍കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ റീഫണ്ട് കൊണ്ട് മാത്രം കാര്യമില്ലെന്ന് ചില ഉപഭോക്താക്കള്‍ വ്യക്തമാക്കി. ക്രിസ്മസ് ദിനം തന്നെ കുളമാക്കിയിട്ട് പണം തിരികെ ലഭിക്കുന്നതില്‍ അര്‍ത്ഥമില്ല. രാവിലെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കിട്ടിയ ഈ പണി ഒരിക്കലും മറക്കില്ലെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ക്ഷണിച്ചുവരുത്തി വിരുന്ന് നല്‍കി അതിഥികളുടെ ആരോഗ്യം കൂടി കേടാക്കിയതാണ് മറ്റ് ചിലരെ രോഷാകുലരാക്കുന്നത്.

ആയിരക്കണക്കിന് ടര്‍ക്കികളാണ് സ്റ്റോറുകളില്‍ ക്രിസ്മസിന് വിറ്റതെന്ന് ടെസ്‌കോ അറിയിച്ചു. ഏതാനും പേര്‍ക്ക് മാത്രമാണ് പ്രശ്നം ഉണ്ടായിട്ടുള്ളത്. ഇവരെ ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നാണ് ടെസ്‌കോ പറയുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലെ രോഷപ്രകടനം കണ്ട ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി നടപടി കൈക്കൊള്ളുമെന്ന് വ്യക്തമാക്കി.

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: