വിദ്യാഭാസ മേഖലയ്ക്ക് തിരിച്ചടി നല്‍കി അദ്ധ്യാപകരുടെ എണ്ണം ക്രമാതീതമായി കുറയുന്നു; വൈദികരെ അധ്യാപന ജോലിയില്‍നിന്നു ഒഴിവാക്കിയത് പ്രത്യാഘാതം സൃഷ്ടിക്കും

 

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ കുറവ് വിദ്യാഭ്യാസ മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അധ്യാപക കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കിയവരുടെ എണ്ണം 40 ശതമാനം കുറഞ്ഞതും പ്രശ്‌നം ഗുരുതരമാക്കും. പ്രൈമറി, സെക്കണ്ടറി തലത്തില്‍ സ്‌കൂള്‍ ജീവനക്കാരുടെ കുറവ് വര്‍ധിച്ചു വരികയാണെന്ന് ടീച്ചേഴ്‌സ് യൂണിയനും ശരിവയ്ക്കുന്നു. സഭാ കേന്ദ്രീകൃത സ്‌കൂളുകളില്‍ നിന്നും വൈദികരെ അദ്ധ്യാപകരായി തുടരാന്‍ അനുവദിക്കാത്തതും വിദ്യാഭ്യാസ മേഖലയില്‍ വന്‍ തിരിച്ചടി ഉണ്ടാക്കും.

രാജ്യത്ത് ഏകദേശം മുവ്വായിരത്തിനടുത്ത് സ്‌കൂളുകളില്‍ വൈദികര്‍ അധ്യാപനം നടത്തിവരുന്നുണ്ട്. ബിഷപ്പുമാര്‍ക്ക് സ്‌കൂള്‍ ജീവനക്കാരെ നിയമിക്കാനുള്ള നിയമം റദ്ദാക്കപ്പെട്ടതോടെ ഒഴിവു വന്ന ഈ തസ്തികകളിലേക്ക് നിയമനം നടത്തേണ്ടതുണ്ട്. എന്നാല്‍ ആവശ്യത്തിന് അദ്ധ്യാപകരെ ലഭിക്കാത്തത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ടീച്ചിങ് കോഴ്‌സ് ഇല്ലാത്ത അദ്ധ്യാപകര്‍ക്കും അധ്യാപനവൃത്തിയില്‍ തുടരുന്നതിന് വിലക്കുണ്ട്. അദ്ധ്യാപകര്‍ക്കൊപ്പം മറ്റ് ജീവനക്കാരുടെ കുറവും നികത്താനായിട്ടില്ല. അദ്ധ്യാപക റിക്രൂട്ട്‌മെന്റ് നടത്താതെ വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് നിന്നും വരുന്ന വാര്‍ത്തകള്‍.

സ്‌കൂളുകളില്‍ സ്പെഷ്യല്‍ നീഡ് ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെടാത്തതും പ്രശ്‌നം വഷളാക്കി. മെറ്റേണിറ്റി ലീവില്‍ പ്രവേശിച്ച ജീവനക്കാരുടെ ഒഴിവ് നില്‍ക്കുമ്പോഴാണ് മറ്റൊരു പ്രതിസന്ധികൂടി ഉടലെടുക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തെ പല സ്‌കൂളുകളിലും അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് നീട്ടിവയ്ക്കേണ്ടിയും വന്നേക്കാം. ജീവനക്കാരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും റിക്രൂട്ട്‌മെന്റ് നടപടികള്‍ വൈകുകയാണ്. ടീച്ചിങ് കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നത് വരും വര്‍ഷങ്ങളില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കും.

ഇതിനിടയില്‍ ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് നിലവിലുള്ള അദ്ധ്യാപകര്‍ ഏതു നിമിഷവും സമരം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അദ്ധ്യാപകര്‍ക്ക് രണ്ട് തരത്തിലുള്ള ശമ്പള സ്‌കെയില്‍ നടപ്പാക്കുന്നത് ഈ രംഗത്ത് വേണ്ടത്ര ജീവനക്കാരെ കിട്ടാത്തതിന് കാരണമായി പറയപ്പെടുന്നു. നിലവിലെ ടീച്ചിങ് പേ സംവിധാനത്തെ കുറ്റമറ്റതാക്കി വിദ്യാഭ്യാസ മേഖല ആകര്‍ഷകമാക്കി തീര്‍ത്താല്‍ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കൂ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: