അയര്‍ലണ്ടില്‍ ഓസി ഫ്‌ലൂ പിടിമുറുക്കുന്നു; സന്ദര്‍ശകര്‍ക്ക് മുന്നില്‍ വാതിലുകള്‍ അടച്ച് ആശുപത്രികള്‍; ഹാന്‍ഡ്ഷേക്ക് നിരോധിച്ച് ചര്‍ച്ചുകള്‍

അയര്‍ലണ്ടില്‍ പടര്‍ന്നുപിടിക്കുന്ന ഓസി ഫ്‌ലൂ ബാധക്കെതിരെ ശക്തമായ പ്രതിരോധമാര്‍ഗ്ഗം സ്വീകരിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ചില ആശുപത്രികളില്‍ സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തി. ആശുപത്രികളെ ആശങ്കയിലേക്ക് തള്ളിവിട്ട് കൊണ്ടാണ് വൈറസ് പടര്‍ന്നുപിടിക്കുന്നത്. കോര്‍ക്ക് കൗണ്ടിയിലെ ആശുപത്രികളിലാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ബാന്‍ട്രി ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളാണ് നിബന്ധന കര്‍ശനമാക്കിയത്. രോഗം പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ആശുപത്രികള്‍ പറയുന്നു.

അതേസമയം ആശുപത്രി ജീവനക്കാര്‍ക്കും വൈറസ് ബാധ പിടിപെടാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. പലരും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ലെന്നാണ് കണക്ക്. രോഗികളുമായി നേരില്‍ ബന്ധപ്പെടുന്ന ജീവനക്കാരും ഇതോടെ വൈറസിന്റെ അപകടത്തിലേക്ക് എത്തുമെന്നാണ് ആശങ്ക. ഗര്‍ഭിണികള്‍, കൊച്ചു കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും പനി ബാധിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം പരിമിതമാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ഈ വൈറസിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയും.

കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഇന്റെന്‍സീവ് ട്രീറ്റ്‌മെന്റ് യൂണിറ്റ്, പീഡിയാട്രിക് വാര്‍ഡ് ഇവയൊഴിച്ച് മറ്റെല്ലാ സ്ഥലത്തും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളെ പരിചരിക്കുന്നവര്‍ ഉള്‍പ്പെടെ പ്രധിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായും സ്വീകരിക്കേണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജിപി യെ കണ്ട് ചികിത്സ തേടേണ്ടതാണ്. അണുബാധയുള്ളവര്‍ വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെയും മറ്റുള്ളവരുമായി ഇടപഴകാതെയും കരുത്തേണ്ടതാണ്.

ഓസി ഫ്‌ലൂ രാജ്യത്താകമാനം വ്യാപിച്ചതോടെ ഇന്‍ഫെക്ഷന്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്ക മൂലം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ചര്‍ച്ചുകളില്‍ ഹാന്‍ഡ്ഷേക്ക് പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കുര്‍ബാനയ്ക്കിടെ കൈകൊടുക്കുന്ന ആചാരം തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് വടക്കന്‍ അയര്‍ലണ്ടിലെ ബിഷപ്പ് നോയല്‍ ട്രെനറുടെ ഓഫീസ് അറിയിക്കുന്നത്. വൈറസ് ബാധ കുറയുന്നത് വരെ ഈ വിലക്ക് തുടരും. ഇവിടെ ഓസി ഫ്‌ലൂ ആദ്യ ഇരയുടെ ജീവന്‍ കവര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 50 വര്‍ഷക്കാലത്തിനിടെ ഏറ്റവും മോശമായ സീസണില്‍ ഇനിയും ജീവനുകള്‍ പൊലിയാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

ഹോങ്കോംഗില്‍ 1968-ല്‍ ഈ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ ഒരു മില്ല്യണ്‍ ജനങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. മനുഷ്യരാശിക്ക് തന്നെ അപകടകരമായ വൈറസ് ബാധയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. യൂറോപ്പിന്റെ പലഭാഗങ്ങളിലും പടര്‍ന്നുപിടിക്കുന്ന പനിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ യൂറോപ്യന്‍ യൂണിയനും അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ പനിയെ പ്രതിരോധിക്കാന്‍ സജ്ജമായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് ആശുപത്രികളില്‍ വീണ്ടും തിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.

 

 

 

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: