ആധാര്‍ കാര്‍ഡിനു പകരം ഇനി വെര്‍ച്വല്‍ ഐഡി; പുതിയ സംവിധാനം സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി

 

ആധാര്‍കാര്‍ഡ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വെര്‍ച്വല്‍ കാര്‍ഡ് നല്‍കാനുള്ള ഒരുക്കത്തിലാണ് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ നമ്പറിനു പകരം ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വെര്‍ച്വല്‍ ഐഡി ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം എന്ന് യുഐഡിഎഐ പറയുന്നു.

ആധാര്‍കാര്‍ഡു വഴി വ്യക്തിവിവരങ്ങള്‍ ചോരും എന്നും സുരക്ഷിതമല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് യുഐഡിഎഐ ഉപഭോക്താക്കള്‍ക്ക് വെര്‍ച്വല്‍ ഐഡി ലഭ്യമാക്കുന്നത്. ഇതിലൂടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കാന്‍ സാധിക്കും. 16 അക്കങ്ങളാണ് വെര്‍ച്വല്‍ ഐഡിയില്‍ ഉണ്ടാവുക.

ആധാര്‍കാര്‍ഡിലേതു പോലെ ഉപയോക്താവിന്റെ പേര്, വിലാസം, ഫോട്ടോ എന്നിവയും വെര്‍ച്വല്‍ ഐഡിയില്‍ ഉണ്ടാകും. ഓരോ ആവശ്യങ്ങള്‍ക്കായും ഉപയോക്താവിന് പ്രത്യേക വെര്‍ച്വല്‍ ഐഡികള്‍ ഉണ്ടാക്കാം എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്ത് വെര്‍ച്വല്‍ ഐഡി സംവിധാനം നടപ്പിലാക്കാനാണ് യുഐഡിഎഐ ലക്ഷ്യമിടുന്നത്. മൊബൈല്‍ കമ്പനികള്‍ക്കടക്കമുള്ള മറ്റ് വേരിഫിക്കേഷനുകള്‍ക്കെല്ലാം വേര്‍ച്വല്‍ ഐഡി ഉപയോഗിക്കാന്‍ സാധിക്കും.

ആധാര്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. 500 രൂപയ്ക്ക് ആധാര്‍ വിവങ്ങള്‍ ലഭിക്കും എന്ന പേരില്‍ ട്രിബൂണ്‍ പത്രം പുറത്തുവിട്ട വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുഐഡിഎഐ ആരംഭിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: