വേഗതയില്‍ റെക്കോഡിട്ട് നോര്‍വീജിയന്‍ യാത്രാ വിമാനം

 

ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍വരെയുള്ള ദൂരം റെക്കോര്‍ഡ് വേഗത്തില്‍ യാത്ര ചെയ്ത് യാത്രാവിമാനം. ആ വിമാനം കുതിച്ച വേഗം കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും.ഒരു മണിക്കൂറില്‍ 1248 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. എന്നാല്‍ ആ വേഗതയ്ക്കു സഹായിച്ചത് വിമാനത്തിന്റെ സാങ്കേതികവിദ്യയൊന്നുമല്ലെന്നതാണ് മറ്റൊരു രസകരമായ വസ്തുത. വീശിയടിച്ച കാറ്റിന്റെ കരുത്തിലാണ് ആ യാത്രാവിമാനം റെക്കോഡിലേക്ക് പറന്നുകയറിയത്.

ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍ വരെയുള്ള ദൂരം 5 മണിക്കൂര്‍ 15 മിനിട്ട് കൊണ്ടാണ് നോര്‍വീജിയന്‍ ബോയിംഗ് 7879 ഡ്രീംലൈനര്‍ പിന്നിട്ടത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഡ്രീംലൈനര്‍ 202 മൈല്‍ വേഗതയില്‍ ലഭിച്ച കാറ്റിന്റെ സഹായത്തോടെയാണ് ലണ്ടനിലെ ഗാറ്റ് വിക് വിമാനത്താവളത്തിലെത്തിയത്. അങ്ങനെ മണിക്കൂറില്‍ 776 മൈല്‍ (ഏകദേശം 1248 കി.മീ) വേഗം കൈവരിച്ച് അറ്റ്ലാന്റിക്കിന് കുറുകെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനം എന്ന റെക്കോര്‍ഡും ബോയിംഗ് 7879 ഡ്രീംലൈനര്‍ സ്വന്തമാക്കി.

സാധാരണ ആറു മണിക്കൂറിലധികം സമയമെടുക്കുന്ന സഞ്ചാരപാതയിലൂടെ ഒരു മണിക്കൂറോളം നേരത്തെയാണ് വിമാനമെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളില്‍ വച്ച് ജെറ്റ് സ്ട്രീം സൃഷ്ടിച്ച അസാധാരണ വായുമര്‍ദ്ദത്തിന്റെ ഫലമായാണ് സര്‍വ്വീസ് നിശ്ചയിച്ചതിലും മുമ്പേ എത്തിയത്.

2015-ല്‍ ഇതേ പാതയില്‍ ഒരു യാത്രാവിമാനം 5 മണിക്കൂര്‍ 16 മിനിട്ടില്‍ സഞ്ചരിച്ച റെക്കോര്‍ഡാണ് ബോയിങ് 7879 തകര്‍ത്തത്. 1996-ല്‍ ഒരു ശബ്ദാതിവേഗ വിമാനം ഇതേദൂരം പിന്നിട്ടത് ഏകദേശം 2 മണിക്കൂര്‍ 52 മിനിട്ട് 59 സെക്കന്‍ഡ് കൊണ്ടാണ്. ഇടയ്ക്ക് എയര്‍ ടര്‍ബുലന്‍സ് ഉണ്ടായിരുന്നില്ലെങ്കില്‍ ഇതിലും വേഗത്തില്‍ പറക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഡ്രീംലൈനിന്റെ ക്യാപ്റ്റന്‍ ഹാരോള്‍ഡ് വാന്‍ ഡാം പറയുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: