വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പ്രഖ്യാപനത്തിനെതിരെ അദ്ധ്യാപക സംഘാടനകള്‍

ഡബ്ലിന്‍: അദ്ധ്യാപകര്‍ നാലും, അഞ്ചും വര്‍ഷത്തെ നീണ്ട അവധിയില്‍ പ്രവേശിക്കുന്നതാണ് സെക്കണ്ടറിതലത്തില്‍ തുടരുന്ന അദ്ധ്യാപക പ്രതിസന്ധിക്ക് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍. ഇത്തരം നീണ്ട അവധികള്‍ ഇനി മുതല്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പരസ്യമായി പ്രതിഷേധം നടത്തുകയാണ് ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള അദ്ധ്യാപക സംഘടനകള്‍.

ആവശ്യമായത്രയും അദ്ധ്യാപകരുടെ എണ്ണം നികത്തിയ ശേഷം മാത്രമേ നീണ്ട അവധി അനുവദിക്കപ്പെടുകയുള്ളുവെന്ന് വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ടീച്ചേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. രാജ്യത്ത് 2264 അദ്ധ്യാപകര്‍ നീണ്ട കാലയളവിലേക്ക് അവധിയില്‍ പ്രവേശിച്ചവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അദ്ധ്യാപകര്‍ക്ക് അയര്‍ലണ്ടില്‍ രണ്ടുതരത്തിലുള്ള ശമ്പള പാക്കേജ് ആണ് നിലവിലുള്ളത്. 2011-ന് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് കുറഞ്ഞ ശമ്പളവും, അതിന് മുന്പുള്ളവര്‍ക്ക് കൂടിയ ശമ്പളവും. ഇത്തരം അനീതികള്‍ തുടരുന്നതാണ് അദ്ധ്യാപക പ്രതിസന്ധിക്ക് കാരണമെന്ന് വിവിധ അദ്ധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും വരുന്ന ഒഴിവുകള്‍ നികത്തുന്നതിലും വിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഈ വര്‍ഷം മുതല്‍ വൈദികരെ അദ്ധ്യാപകവൃത്തിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയും അദ്ധ്യാപക ക്ഷാമത്തിനുള്ള മറ്റൊരു കാരണമാണ്. അയര്‍ലണ്ടില്‍ അദ്ധ്യാപക ട്രെയിനിങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന നല്ലൊരു വിഭാഗവും വിദേശ രാജ്യങ്ങളിലുമാണ്. ശമ്പള പരിഷ്‌കരണവും, ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് ഈ മേഖലയിലേക്ക് കഴിയുന്നത്ര ആകര്‍ഷിക്കുകയാണ് വേണ്ടതെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: