ഫോബ്സ് പട്ടികയില്‍ ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി യൂസഫലി

 

ഫോബ്‌സ് മാസികയുടെ പുതിയ പട്ടികയില്‍ ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ. യൂസഫലി. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി ഫോബ്‌സ് പട്ടികയിലെ ഏറ്റവും സമ്പന്നനായ മലയാളിയായത് . ആഗോള റാങ്കിങ്ങില്‍ 388 -ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്.

25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു മലയാളികളില്‍ രണ്ടാമത്. ലോക റാങ്കിങ്ങില്‍ 572 -ാം സ്ഥാനത്താണു രവി പിള്ളയ്ക്ക്. ബിസിനസുകാരനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുകളിലാണ് ഇരുവരുടെയും സ്ഥാനം. കഴിഞ്ഞതവണത്തെ പട്ടിക പ്രകാരം 544ാം സ്ഥാനത്തായിരുന്ന ട്രംപ് 766ാം സ്ഥാനത്തായി. 3.1 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി.

ജെംസ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് തലവന്‍ സണ്ണി വര്‍ക്കി (15,600 കോടി രൂപ) മലയാളികളില്‍ മൂന്നാം സ്ഥാനത്തും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ നാലാം സ്ഥാനത്തും( 11,700 കോടി) എത്തി. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍ , വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍ , ജോയ് ആലുക്കാസ് എന്നിവരാണ് ആറു മുതല്‍ എട്ടുവരെ സ്ഥാനങ്ങളില്‍ . മൂവരുടെയും ആസ്തി 9,700 കോടി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ , വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണു മലയാളികളില്‍ ആദ്യ പത്തില്‍ ഇടം നേടിയവര്‍ .

മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ ഒന്നാമന്‍. ലോകത്തെ 2208 ശതകോടീശ്വരന്‍മാരില്‍ 19-ാം റാങ്കാണ് മുകേഷ് അംബാനിക്കുള്ളത്. അസിം പ്രേംജി (58), ലക്ഷ്മി മിത്തല്‍ (62), ശിവ് നാദാര്‍ (98), ദിലിപ് സംഘ് വി (115) തുടങ്ങിയവരാണ് സമ്പന്നരായ ഇന്ത്യക്കാരില്‍ മുന്നിട്ടുനില്‍ക്കുന്നവര്‍ . പുതിയ പട്ടികയില്‍ ഇന്ത്യയില്‍ 121 ശതകോടീശ്വരന്‍മാര്‍ ഇടംപിടിച്ചു.

ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കിയാംണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ കുതിപ്പ്. ഇതാദ്യമായാണ് ബെസോസ് ലോക സമ്പന്നരില്‍ ഒന്നാമനാകുന്നത്. 112 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: