കാഠ്മണ്ഡു വിമാനാപകടം; 50 ഓളം പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

 

കാഠ്മണ്ഡു: കാഠ്മണ്ഡു വിമാനാപകടത്തില്‍ 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഉച്ചകഴിഞ്ഞാണ് വിമാനം തകര്‍ന്നു വീണത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുമുള്ള യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ വിമാനമാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമായി 71 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 17 പേരെ രക്ഷപ്പെടുത്തിതതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിമാനത്തിന് തീപിടിച്ചതുമൂലം കനത്ത പുകയാണ് വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും നിറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് എയര്‍പോര്‍ട്ട് വക്താവ് ബൈരേന്ദ്ര പ്രസാദ് ശ്രേഷ്ഠ വ്യക്തമാക്കിയിട്ടുണ്ട്. തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടര്‍ന്നുവരുന്നത്. യുഎസ്- ബംഗള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് ലാന്‍ഡിംഗിനിടെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകര്‍ന്നൂവീണിട്ടുള്ളത്.

2014 ജൂലൈയിലാണ് ബംഗ്ലാദേശിനും കാഠ്മണ്ഡുവിനും ഇടയില്‍ സര്‍വ്വീസ് ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ നിരവധി വിമാന അപകടങ്ങളാണ് നേപ്പാളില്‍ ഉണ്ടായിട്ടുള്ളത്. 2016ല്‍ ഒട്ടര്‍ ടര്‍ബോ പ്രോപ് വിമാനം പര്‍വ്വതത്തിലിടിച്ച് നേപ്പാളില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷം രണ്ട് പൈലറ്റുമാരും ചെറുവിമാനം തകര്‍ന്ന് മരിച്ചിരുന്നു.

67 യാത്രക്കാര്‍ക്ക് പുറമേ നാല് ക്രൂ ?അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എയര്‍പോര്‍ട്ട് വക്താവ് പ്രേം നാഥ് ഠാക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ 20ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. പോലീസും സൈന്യവും സംയുക്തമായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നടത്തിവരുന്നത്. റണ്‍വേയില്‍ വച്ച് വിമാനം തകര്‍ന്നുവീണതോടെ കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. നേരത്തെ 1992ല്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തായ് വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: