വീട് വാങ്ങുന്നവര്‍ക്ക് കടുത്ത പ്രഹരം: വസ്തുവില സര്‍വകാല റെക്കോര്‍ഡിലേക്ക്

ഡബ്ലിന്‍: വീട് വാങ്ങാന്‍ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് വസ്തുവിലയില്‍ വന്‍ കുതിപ്പ്. ദേശീയ തലത്തില്‍ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് 12.5 ശതമാനത്തിലെത്തി. 2017-നെ അപേക്ഷിച്ച് വസ്തുവിലയില്‍ 8.8 ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട വസ്തുവില റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡബ്ലിനില്‍ വസ്തുവാങ്ങുന്നവര്‍ക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരും. ഡബ്ലിനില്‍ ഏറ്റവും കൂടുതല്‍ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ഫിങ്കലിലും (14.2 %) ഏറ്റവും കുറവ് രേഖപ്പെടുത്തിയത് Dun Laogharise Rathdown-ലുമാണ്. അപ്പാര്‍ട്‌മെന്റുകള്‍ക്ക് 15 ശതമാനത്തിലധികം വില കുതിച്ചുയര്‍ന്നു.

അയര്‍ലണ്ടില്‍ ഗാല്‍വേ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖലകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 10 ശതമാനത്തില്‍ കൂടുതല്‍ വില വര്‍ദ്ധനവ് അനുഭവപ്പെടുന്നുണ്ടെന്ന് പ്രോപ്പര്‍ട്ടി വെബ്സൈറ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പടിഞ്ഞാറിനെ കൂടാതെ തെക്ക്-കിഴക്കന്‍ ഭാഗങ്ങളിലും വസ്തുവില കുതിച്ചുയര്‍ന്നതായി സി.എസ്.ഒ റിപ്പോര്‍ട്ടില്‍ കാണാം.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന പദ്ധതികളുടെ ഭാഗമാകാന്‍ കഴിയാത്തവര്‍ക്ക് വസ്തുവില ഉയരുന്നത് വന്‍ തിരിച്ചടിയാകും. പദ്ധതിപ്രകാരം പ്രഖ്യാപിക്കപ്പെട്ട ഈ ലോണ്‍ നിരക്ക് വസ്തുവില ഉയരുന്നതോടൊപ്പം തന്നെ വര്‍ധിപ്പിക്കേണ്ടി വരുമെന്ന ആശങ്കയും അയര്‍ലണ്ടിലെ ധനകാര്യ കേന്ദ്രങ്ങളില്‍ നിന്നും സൂചന ലഭിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടും വസ്തുവിലയിലെ കുതിപ്പ് തടഞ്ഞുനിര്‍ത്താന്‍ മറ്റ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കേണ്ടി വരുമോ എന്ന കാര്യത്തിലും ധനകാര്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ നടന്നുവരികയാണ്.

പൊതുമേഖലയില്‍ ശമ്പള നിരക്കും മറ്റ് ആനുകൂല്യങ്ങളും ഉയര്‍ത്തുമ്പോഴും വസ്തുവില വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക ഉയരുന്നുണ്ട്. വാസ്തുവിലക്കൊപ്പം, വാടക വര്‍ധനവും രാജ്യത്തെ ഭവന മേഖലയില്‍ പ്രതിസന്ധിയായി തുടരുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: