ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചയാളെ തല്ലിക്കൊന്ന കേസ്: 11 പേര്‍ക്ക് ജീവപര്യന്തം

ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ അലിമുദ്ദിന്‍ എന്നയാളെ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി നേതാവടക്കം 11 പ്രതികളുടെ ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവാണ് പ്രതികള്‍ക്ക് വിധിച്ചിരിക്കുന്നത്. രാംഗഢിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ബിജെപി പ്രാദേശികനേതാവ് നിത്യാനന്ദ് മഹാതോ ഉള്‍പ്പെടെയുള്ള ഗോരക്ഷകരെയാണ് ശിക്ഷിച്ചിരിക്കുന്നത്. ഗോരക്ഷകര്‍ നടത്തിയ കൊലപാതകങ്ങളില്‍ രാജ്യത്തെ ആദ്യ ശിക്ഷാവിധിയാണിത്. 11 പ്രതികളില്‍ മൂന്ന് പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് കോടതി പറഞ്ഞു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.

2017 ജൂണ്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 200 കിലോ ഇറച്ചിയുമായി വാനില്‍ പോകുമ്പോഴായിരുന്നു ആക്രമണം. ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അലിമുദ്ദീനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അലിമുദ്ദിന്‍ എന്ന് വിളിക്കുന്ന അസ്ഗര്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അന്‍സാരി മാരുതി വാനില്‍ ബീഫ് കടത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഭജര്‍ദന്ത് ഗ്രാമത്തിന് സമീപമുള്ള ക്ഷേത്രത്തിന് മുന്നില്‍ അലിമുദ്ദിന്റെ വണ്ടി തടഞ്ഞ് നിര്‍ത്തിയാണ് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദനത്തിന് മുതിര്‍ന്നത്. തുടര്‍ന്ന് അലിമുദ്ദിന്‍ സഞ്ചരിച്ച മാരുതി വാന് ഇവര്‍ തീവെച്ചു.

പൊലീസ് ഇയാളെ രക്ഷിച്ച് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം മുന്‍ കൂട്ടി ആസുത്രണം ചെയ്തതാണെന്ന് സംശയിക്കുന്നുവെന്ന് എഡിജിപി ആര്‍കെ മാലിക് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. അലിമുദ്ദിന്റെ പേരില്‍ കൊലപാതകക്കേസും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കന്നുകാലി വ്യാപാരികളായ ചിലര്‍ ചേര്‍ന്ന് ഇയാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും എഡിജിപി വെളിപ്പെടുത്തിയിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: