ബ്രിട്ടീഷ് രാജകുടുംബത്തില്‍ മറ്റൊരു രാജകുമാരന്‍ എത്തി :വില്യം-കെയ്റ്റ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ്

ലണ്ടന്‍ : ബ്രിട്ടീഷ് രാജകുടുംബത്തില്‍ മറ്റൊരു രാജകുമാരന്‍കൂടി പിറന്നു. എലിസബത്ത് രാജ്ഞിയുടെ കുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായാണ് വില്യം-കെയ്റ്റ് ദമ്പതിമാരുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം. എലിസബത്ത് രാജ്ഞിയുടെ ആറാമത്തെ കൊച്ചുപേരക്കുട്ടിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത കൊച്ചുരാജകുമാരന്‍. മുത്തച്ഛന്‍ ചാള്‍സ്, അച്ഛന്‍ വില്യം, സഹോദരന്‍ ജോര്‍ജ്, സഹോദരി ഷാര്‍ലറ്റ് എന്നിവര്‍ക്ക് ശേഷം ബ്രിട്ടന്റെ അഞ്ചാം കിരീടാവകാശിയാകും ആ കുഞ്ഞ്.

2013ല്‍ ജനിച്ച പ്രിന്‍സ് ജോര്‍ജും 2015ല്‍ ജനിച്ച പ്രിന്‍സസ് ഷാര്‍ലറ്റുമാണ് വില്യം രാജകുമാരന്റെ മറ്റു മക്കള്‍. ഇവര്‍ക്കു പിന്നിലാകും പിന്തുടര്‍ച്ചാവകാശത്തില്‍ നവജാതനായ രാജകുമാരന്റെ സ്ഥാനം. ഹാരി രാജകുമാരന്റെ വിവാഹത്തിനായി ഒരുങ്ങുന്ന കെന്‍സിംങ്ടണ്‍ പാലസിനും ബക്കിംങ്ങാം കൊട്ടാരത്തിനും ഇരട്ടി സന്തോഷം നല്‍കുന്നതായി രാജകുമാരന്റെ ജനനം. ശനിയാഴ്ച തൊണ്ണൂറ്റി രണ്ടാം ജന്മദിനം ആഘോഷിച്ച എലിസബത്ത് രാജ്ഞിക്കും ഇത് ഏറെ സന്തോഷത്തിന്റെ ദിനമായി. രാജകുമാരന്റെ ജനനത്തില്‍ രാജ്യമെങ്ങും ആഹ്ലാദത്തിലാണ്. പ്രധാനമന്ത്രി തെരേസ മേയും ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും രാജകുടുംബത്തെ ആശംസകള്‍ അറിയിച്ചു. ജനനവാര്‍ത്തയ്ക്കായി ദിവസങ്ങളായി ആശുപത്രിക്കു പുറത്തുംമറ്റും കാത്തിരുന്ന രാജകുടുംബത്തിന്റെ ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് ഈ സന്തോഷവാര്‍ത്ത ശ്രവിച്ചത്.

രാജകുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവിന്റെ ആഹ്ലാദത്തിലാണ് ബ്രിട്ടന്‍. പുതിയ കിരീടാവകാശിയെ വരവേല്‍ക്കാന്‍ കേറ്റ് രാജകുമാരിയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ താഴെ മണിക്കൂറുകളോളം ആളുകള്‍ കാത്തു നിന്നു. മകന്റെ ജനനത്തിന് ശേഷം കൈക്കുഞ്ഞുമായി വില്യം രാജകുമാരനും ഭാര്യയും എത്തി പുറത്തു കൂടിയിരുന്നവരെ അഭിവാദ്യം ചെയ്ത് തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: