പാമ്പുകടിക്ക് ചാണകം മൂടി പ്രാകൃത ചികിത്സ; യുവതി മരിച്ചു

പാമ്പുകടിക്ക് പ്രാകൃത ചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ഉത്തര്‍ പ്രദേശിലാണ് സംഭവം. പാമ്പുകടിയേറ്റ യുവതിയെ മേലാസകലം ചാണകത്തില്‍ മൂടുകയായിരുന്നു. ദേവേന്ദ്രി എന്ന യുവതിയാണ് മരിച്ചത്.

വീട്ടിലെ ആവശ്യത്തിനായി പറമ്പില്‍ നിന്ന് ചെറിയ വിറകുതടികള്‍ ശേഖരിക്കവെയാണ് ദേവേന്ദ്രിക്ക് പാമ്പ് കടിയേറ്റത്. പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയ അവര്‍ വിവരം ഭര്‍ത്താവിനെ അറിയിച്ചു. വിഷം പുറത്തെടുക്കുന്നതിനായി ഭര്‍ത്താവ് പാമ്പാട്ടിയെ വിളിച്ചു വരുത്തി. നിരവധി പേരെ ചികിത്സിച്ചിട്ടുണ്ടെന്ന അവകാശവാദവുമായെത്തിയ ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഇവരെ ചാണകത്തില്‍ പൊതിഞ്ഞത്. അതിനു ശേഷം ഇയാള്‍ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് യുവതിയുടെ അരികിലിരുന്നു. അല്‍പസമയത്തിനകം ഇവര്‍ മരണമടയുകയും ചെയ്തു.

മന്ത്രങ്ങള്‍ ചൊല്ലിക്കഴിഞ്ഞ് സ്ത്രീ രക്ഷപ്പെട്ടോ എന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ചാണകം നീക്കി യുവതിയെ പുറത്തെടുക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും യുവതി മരിച്ചിരുന്നു. മുഖത്തുള്‍പ്പെടെ ചാണകത്താല്‍ പൊതിഞ്ഞിരുന്നതിനാല്‍ ശ്വാസം മുട്ടിയാണോ അതോ പാമ്പിന്‍ വിഷത്തിനാലാണോ മരണം എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

ഡികെ

Share this news

Leave a Reply

%d bloggers like this: