ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; കഴുത്തിലെ അസ്ഥിയില്‍ പൊട്ടല്‍

കോവളത്തിനടുത്ത് ചെന്തിലക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിത ലിഗ സ്‌ക്രോമേന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പായി. ഇന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായതോടെയാണ് മരണത്തിന്റെ കാരണം വ്യക്തമായത്. വിദഗ്ദ സംഘം തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വൈകിട്ട് പൊലീസിന് കൈമാറും. ബലപ്രയോഗത്തിനിടെയാണ് മരണമെന്ന് നേരത്തെ ഫോറന്‍സിക് പരിശോധന ഫലത്തില്‍ വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ലിഗയുടെ കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലും കണ്ടെത്തി. ഇതാണ് മരണകാരണമായിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയിലുള്ള സാഹചര്യത്തിലാണ് പ്രാഥമിക നിഗമനങ്ങള്‍ ഇന്ന് രാവിലെ പോലീസിന് കൈമാറിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി റേഞ്ച് ഐജി മനോജ് എബ്രഹാം സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മരണം സംബന്ധിച്ച് ചില തെളിവുകള്‍ കിട്ടിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ആന്തരിക അവയവ പരിശോധനയുടേതുള്‍പ്പെടെയുള്ള വിശദവിവരങ്ങളുമായുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം പോലീസിന് കൈമാറും. കോവളത്തിനും തിരുവല്ലത്തിനും ഇടയിലുള്ള കണ്ടല്‍ക്കാട്ടില്‍ ഇക്കഴിഞ്ഞ ഇരുപതിനാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് 14 മുതലാണ് ഇവരെ കാണാതായത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ആദ്യം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. സഹോദരി ഇലീസ് സ്‌ക്രോമേനും ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനും മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമാണ് മരിച്ചത് ലിഗ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നുെവന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നു. എന്നാല്‍ എന്ത് തരം വസ്തുവാണ് ശരീരത്തിലെത്തിയിരിക്കുന്നതെന്ന് കൃത്യമായ വ്യക്തതയില്ല. രാസപരിേശാധന ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുളളൂ.ഇതില്‍ ഏറ്റവും പ്രധാനം ലിഗയുടെ കഴുത്തിലെ ഞരമ്പുകള്‍ വിട്ടുമാറിയ നിലയിലാണ് കാണപ്പെട്ടതെന്ന് കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ഇത് അക്രമത്തിലോ വീഴ്ചയിലോ സംഭവിച്ചതാകാമെന്നാണ് നിലവിലെ നിഗമനവും. ലിഗയുടെ ഇരുകാലുകള്‍ക്കും ഒരേ പോലെ മുറിവും ഏറ്റിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒരു ബലാത്സംഗ ശ്രമം നടന്നതായി പോസ്റ്റ് റിപ്പോര്‍ട്ടില്‍ സ്ഥീരീകരിക്കാനായിട്ടുമില്ല. ലിഗയുടെ മൃതദേഹം കിടന്നിരുന്ന കണ്ടല്‍ക്കാടിലെ വള്ളിപ്പടര്‍പ്പില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസിന് മുടിയിഴകള്‍ ലഭിച്ചിരുന്നു. മൃതദേഹം തൂങ്ങിക്കിടന്നിരുന്ന സ്ഥലത്ത് കുടുക്കില്‍ നിന്നാണ് മുടി ലഭിച്ചത്. ഇതും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ മുടിയിഴകളും പൊലീസ് പരിശോധനയക്ക് അയക്കുകയായിരുന്നു. ഇതിലാണ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച മുടിയിഴകള്‍ പ്രതികളിലൊരാളുടെതാണെന്ന് വ്യക്തമായത്.

ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ ഇടം. കോവളത്തു നിന്നും എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ച് ലിഗയെ ഇവിടെ എത്തിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. വള്ളക്കാരന്റെ മൊഴിയും ഇത് വ്യക്തമാക്കുന്നതാണ്. തുടര്‍ന്ന് വള്ളത്തില്‍ പരിശോധനയും നടത്തി. ഇതിന് പിന്നാലെയാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്. ലിഗയെ കണ്ടല്‍ക്കാടിലേക്ക് എത്തിച്ച ബോട്ട് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ലിഗ സ്‌ക്രോമാനെ(33) കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ഇതിനിടെ മാര്‍ച്ച് 14ന് ലിഗയെ അവിടെ വച്ച് കാണാതായി. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം ലിഗയെ തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: