ഫെയ്സ്ബുക്ക് വിവാദം വെട്ടിലാക്കി; കേംബ്രിജ് അനലിറ്റിക്ക പൂട്ടുന്നു

വാഷിങ്ടണ്‍: ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട വിവാദങ്ങളേത്തുടര്‍ന്ന് വിവാദ വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഫെയ്‌സ്ബുക്കിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയും ചെയ്തതിന്റെ പേരില്‍ വിവാദത്തിലായ സ്ഥാപനം സ്വയം പാപ്പരായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും വ്യക്തമാക്കി.

ഫെയ്‌സ്ബുക്കില്‍നിന്ന് അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ചെന്ന വെളിപ്പെടുത്തലുകള്‍ ഇടപാടുകാരെ നഷ്ടപ്പെടാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ല. പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായും കമ്പനിയെ യു എസിലും യു കെയിലും പാപ്പരായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും കമ്പനിവൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അനലിറ്റിക്ക ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലുണ്ടായത്. ഈ വിവരങ്ങള്‍ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തും ബ്രിട്ടണില്‍ ബ്രെക്സിറ്റ് കാലത്തും രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനും ഫെയ്സ്ബുക്ക് ഉപയോക്താക്കളെ സ്വാധീനിക്കാനും ഉപയോഗിച്ചു എന്നാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ ബിജെപിയും കോണ്‍ഗ്രസും ഇവരെ സമീപിച്ചുവെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണങ്ങളും നിയന്ത്രണങ്ങളും അനലിറ്റിക്കയ്ക്കു നേരിടേണ്ടി വന്നു. ഇവയാണ് കമ്പനിയെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ അമേരിക്കന്‍ സെനറ്റ് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: