കെട്ടിക്കിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെവരെ കോടതിയിലിരുന്ന ഹൈക്കോടതി ജഡ്ജി കൈയ്യടി നേടുന്നു

കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെവരെ കോടതിയിലിരുന്ന് ജഡ്ജി ചരിത്രം സൃഷ്ടിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റിസ് എസ്.ജെ കതാവ്ലയാണ് പുതിയ കീഴ്വഴക്കത്തിന് തുടക്കമിട്ടത്. മെയ് അഞ്ചുമുതല്‍ കോടതി വേനലവധിക്ക് പിരിയുന്നതിനാലാണ് കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജി അതിരാവിലെ വരെ കോടതിയിലിരുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കേസുകള്‍ തീര്‍പ്പാക്കാന്‍ ഇദ്ദേഹം അര്‍ധരാത്രിവരെ ജോലിചെയ്തു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30 ന് ഇദ്ദേഹം കോടതി നടപടികള്‍ ആരംഭിച്ചത്. ഇത്രയും നേരം കോടതിയിലിരിക്കുക മാത്രമല്ല 135 കേസുകളില്‍ ഇദ്ദേഹം തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. ഇതില്‍ 70 കേസുകള്‍ അതീവ പ്രാധാന്യമുള്ളവയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

സ്വത്ത് തര്‍ക്കം, ബൗദ്ധിക സ്വത്തവകാശം, വാണിജ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇദ്ദേഹം തീര്‍പ്പാക്കിയത്. രാവിലെ 10 മണിമുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 3.30 വരെ 20ാം നമ്പര്‍ കോടതി മുറി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ 20 മിനിറ്റ് മാത്രമാണ് അദ്ദേഹം ഇടവേളയെടുത്തുത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2009 ലാണ് കതാവ്ലെ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി പ്രവേശിക്കുന്നത്. ജൂലൈ 2011 ല്‍ ഇദ്ദേഹം സ്ഥിരം ജഡ്ജായി. ഇദ്ദേഹത്തിന്റെ നടപടിയെ അഭിനന്ദിച്ചും കോടതിയില്‍ ജഡ്ജിയെ സഹായിക്കാന്‍ അക്ഷീണം പ്രയത്നിച്ച കോടതി ജീവനക്കാരെ അഭിനന്ദിച്ചും നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. എല്ലാ കേസുകളും തീര്‍പ്പാക്കിയതിന് ശേഷം മാത്രമേ താന്‍ കോടതി നടപടികള്‍ അവസാനിപ്പിക്കുവെന്ന് കതാവ്ലെ കക്ഷികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് വിവരം.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: