ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധന പിഴവ്; ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയുടെ സപ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ സൗജന്യ കൗണ്‍സിലിംഗ്

ഡബ്ലിന്‍: ഗര്‍ഭാശയ ക്യാന്‍സറുമായി ബന്ധപ്പെട്ട് പ്രതിദിനം എച്ച്.എസ്.ഇ-യില്‍ അന്വേഷണവുമായി എത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കകം പരിശോധനാ ഫലത്തില്‍ പിഴവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ എസ്.ഐ.എം.ടി (സീരിയസ് ഇന്‍സിഡന്റ് മാനേജ്മെന്റ് ടീം) ഹെല്പ് ലൈനില്‍ പതിനായിരത്തിലധികം ഫോണ്‍ കോളുകള്‍ എത്തിയത് അധികൃതരെ ഞെട്ടിച്ചു.

വ്യാജ പരിശോധനാ ഫലം ബാധിച്ചവരുടെ എണ്ണം നിലവില്‍ 208 -ല്‍ നിന്നും 209 എണ്ണമായി വര്‍ധിച്ചിരിക്കുകയാണ്. ഇതില്‍ 196-ഓളം സ്ത്രീകളെ നേരിട്ട് ബന്ധപ്പെട്ടുകഴിഞ്ഞു എന്നാണ് എച്ച്.എസ്.ഇ-യില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്മിയര്‍ ടെസ്റ്റ് പിഴവ് സംഭവിച്ച കേസുകളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യത ഉണ്ടെന്ന് ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി പറയുന്നു.

ക്യാന്‍സര്‍ പരിശോധനയിലൂടെ ആരോഗ്യ വകുപ്പ് സമാഹരിച്ച തുകയുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയരുന്നുണ്ട്. ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും എച്ച്.എസ്.ഇ-യും സംയുക്തമായി നടത്തിയ പരിശോധനാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയരുന്നുണ്ട്. സ്മിയര്‍ ടെസ്റ്റ് പുനഃപരിശോധനക്ക് വിധേയരാകേണ്ടവര്‍ 49.10 യൂറോ നല്‍കി പരിശോധന സാധ്യമാക്കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി.

പരിശോധനയിലെ പിഴവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിസഭയിലും വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രിയും ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ ടെസ്റ്റുമായി ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിരമായി കൗണ്‍സിലിംഗ് നല്‍കണമെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ എച്ച്.എസ്.ഇ-യോട് ശുപാര്‍ശ ചെയ്തു.

ക്യാന്‍സര്‍ പരിശോധനയില്‍ പിഴവ് സംഭവിച്ചവരില്‍ 17 സ്ത്രീകള്‍ ഇതിനോടകം മരണമടഞ്ഞ വാര്‍ത്ത എച്ച്.എസ്.ഇ സ്ഥിരീകരിച്ചിരിക്കുമായാണ്. ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് നാഷണല്‍ സ്മിയര്‍ ടെസ്റ്റിന് വിധേയരായവരില്‍ 1500-ല്‍ പരം സ്ത്രീകളില്‍ പരിശോധനാ റിപ്പോര്‍ട്ട് വിപരീതമായിരുന്നു. ഈ വാര്‍ത്തയോട് പക്ഷെ ആരോഗ്യവകുപ്പ് പ്രതികരണം നടത്തിയിട്ടില്ല.

ആരോഗ്യ മേഖലയില്‍ തുടരുന്ന കടുത്ത പ്രതിസന്ധി കണക്കിലെടുത്ത് ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി രാജ്യവ്യാപകമായി 500 കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിച്ചിരിക്കുകയാണ്. ടെസ്റ്റിന്റെ ഭാഗമായി സംശയങ്ങളും ആശങ്കകളും പരിഹരിക്കാന്‍ ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയെയും ബന്ധപ്പെടാം. സൗജന്യമായ കൗണ്‍സിലിംഗ് ആണ് ഇവിടെ ലഭിക്കുക.

 

ഡികെ

Share this news

Leave a Reply

%d bloggers like this: