സഹോദരിയുടെ ഓര്‍മ്മകളില്‍ വിതുമ്പി ഇല്‍സി; സ്‌നേഹസംഗമത്തില്‍ ഐറിഷ് വനിതയ്ക്കായി പുഷ്പാര്‍ച്ചനയും

നഷ്ടപ്പെടലിന്റെ വേദന ഉള്ളിലടക്കി ഇല്‍സിയും ആന്‍ഡ്രൂവും സ്നേഹത്തിന്റെ മെഴുകുതിരികള്‍ തെളിയിച്ചു. ഒപ്പം ദൈവത്തിന്റെ സ്വന്തം നാടും അവള്‍ക്കായി ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ചു. കോവളത്ത് കൊല്ലപ്പെട്ട ഐറിഷ് വനിതയുടെ അനുസ്മരണത്തിന് നൂറുകണക്കിന് ആളുകളാണ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഒത്തു ചേര്‍ന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മരിച്ച വനിതയുടെ സഹോദരി ഇല്‍സി സ്‌ക്രോമന്‍, ഭര്‍ത്താവ് ആന്‍ഡ്രു എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ടു. ഛായാചിത്രത്തിനു മുന്നില്‍ എല്ലാവരും മെഴുകുതിരികള്‍ തെളിയിച്ചു.

സഹോദരിക്കുണ്ടായ ദുരന്തത്തില്‍ കേരളത്തിലുള്ളവരെല്ലാം തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ചെറുതും വലുതുമായ രീതിയില്‍ ഓരോരുത്തരും ഞങ്ങളെ സഹായിച്ചു. സഹോദരിയെ തിരഞ്ഞ് ഞങ്ങള്‍ അലഞ്ഞപ്പോള്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. നന്മയുള്ള നാടാണിത്.- വികാരഭരിതയായി അവര്‍ പറഞ്ഞു. കൊല്ലപ്പെട്ട വിദേശവനിതയുടെ ഭര്‍ത്താവായ ആന്‍ഡ്രുവിന്റെ വാക്കുകളും സദസ്സിനെ നൊമ്പരപ്പെടുത്തുന്നതായി. പ്രകൃതിപോലും അവളുടെ ഓര്‍മകളില്‍ വിതുമ്പുകയാണെന്ന് പുറത്ത് പെയ്യുന്ന മഴ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളിലെ വ്യക്തിബന്ധങ്ങളെക്കുറിച്ച് മലയാളികള്‍ ധരിച്ചുവച്ചിരുന്നതിന് വിപരീതമാണ് ഇല്‍സിയും മരിച്ച സഹോദരിയും തമ്മിലുള്ള ബന്ധമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആ സ്നേഹത്തിനു മുന്നില്‍ നമിക്കുന്നു. കേരളം തലകുനിച്ച ദാരുണ സംഭവമാണ് ഐറിഷ് വനിതയ്ക്കുണ്ടായത്. കേരളത്തിലെത്തുന്ന ഒരു വിനോദ സഞ്ചാരിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാന്‍ നാം ജാഗരൂകമാകണം. എതിരാളികളുടെ പ്രചരണങ്ങള്‍ക്ക് പിന്നാലെ പോകാതെ പ്രതികളെ പിടികൂടുന്നതിനാണ്്സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

ജീവിതം ഒരുആത്മീയ യാത്രയായി കരുതിയിരുന്നവളാണ് തന്റെ സഹോദരി എന്ന് ഇല്‍സി അനുസ്മരിച്ചു. അവള്‍ എല്ലാവരോടും വേഗത്തില്‍ ക്ഷമിക്കാന്‍ കഴിവുള്ളവളായിരുന്നു. കേരളം നല്‍കിയ പിന്തുണ വലുതാണ്. മനുഷ്യഹൃദയത്തിലെ നിഷ്‌കളങ്കമായ സ്നേഹമാണ് തങ്ങള്‍ക്ക് ലഭിച്ചത്. എല്ലാ സഹായവും നല്‍കിയ സര്‍ക്കാരിനും സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ഇല്‍സി പറഞ്ഞു. കേരളീയരുടെ സ്നേഹവും സഹായവും ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞു.

ലീഗയുടെ സ്മരണക്കായി ടൂറിസം മന്ത്രിയും സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂവും ചേര്‍ന്ന് നിശാഗന്ധിക്കു മുന്നില്‍ ഇലഞ്ഞിമരം നട്ടു. ചടങ്ങിനെത്തിയവര്‍ മരണപ്പെട്ട യുവതിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് പുറമെ മെഴുകുതിരികള്‍ കൊളുത്തി. പ്രശസ്ത സംഗീതജ്ഞരായ നവീന്‍ ഗന്ധര്‍വ്, റോജോ ആന്റണി എന്നിവര്‍ മരണപ്പെട്ട യുവതിയോടുള്ള ആദരസൂചകമായി സംഗീതാര്‍ച്ചന നടത്തി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: