ഡബ്ലിന്‍ നഗരത്തിലെ രാത്രി യാത്രക്കാരും, തനിച്ച് താമസിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണമെന്ന് പോലീസ് മുന്നറിയിപ്പ്

ഡബ്ലിന്‍: ഡബ്ലിനില്‍ കുറ്റകൃത്യങ്ങളുടെ തോത് കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ പതിന്മടങ്ങായി വര്‍ധിച്ചെന്ന് ഗാര്‍ഡ കമ്മീഷ്ണര്‍. ഇക്കാലയളവില്‍ കൊലപാതക-മോഷണ കേസുകളുടെ എണ്ണം അമ്പരപ്പിക്കുന്ന വിധം കൂടിയത് ചൂണ്ടിക്കാട്ടുകയാണ് ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷ്ണര്‍ പാറ്റ് ലൈഹി. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ജോയിന്റ് പോലീസിംഗ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കവേ ഡബ്ലിനില്‍ അഞ്ഞൂറോളം പേര്‍ക്ക് നേരെ വധഭീഷണി നിലനില്‍ക്കുന്ന കാര്യം അദ്ദേഹം എടുത്തുപറയുകയായിരുന്നു.

നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചാല്‍ നിരവധി മരണങ്ങള്‍ തടയാന്‍ കഴിയുമെന്ന് കമ്മീഷ്ണര്‍ ഓര്‍മ്മിപ്പിക്കുന്നു. നോര്‍ത്ത് ഡബ്ലിന്‍ സിറ്റി പ്രദേശങ്ങളില്‍ ഉള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ഡ്രഗ്ഗ് മാഫിയ സംഘങ്ങള്‍ ഡബ്ലിനില്‍ സ്വാധീനം ചെലുത്തുന്നത് കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.

തെളിവിന്റെ അഭാവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്ത കൊലപാതക കേസുകളും നിരവധിയാണ്. സമാന സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വന്‍ റാക്കറ്റുകള്‍ ഇതിന് പിന്നില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡബ്ലിനിലെ മയക്കുമരുന്ന് സംഘത്തിന് അന്താരാഷ്ട്ര തലത്തില്‍ ഭീകരവാദവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.

രാത്രി വളരെ വൈകി നഗരത്തിന്റെ പല ഭാഗങ്ങളിലും തനിച്ച് യാത്ര ചെയ്യുന്നവര്‍, ഒറ്റക്ക് താമസിക്കുന്നവര്‍, സീനിയര്‍ സിറ്റിസണ്‍സ് തുടങ്ങിയവര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അയര്‍ലണ്ടില്‍ വിനോദ സഞ്ചാരത്തിന് എത്തുന്നവരും മോഷണ ശ്രമത്തിനിടെ മരണപ്പെട്ട വര്‍ത്തകള്‍ ഉണ്ടായിരുന്നു. ഡബ്ലിന്‍ നഗരത്തിന് വേണ്ടി പുതിയ പോലീസ് സംവിധാനങ്ങള്‍ കൊണ്ട് വരുമെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ അഭിപ്രായം ആരാഞ്ഞശേഷമായിരിക്കും ഇത്തരം ഒരു നടപടിയിലേക്ക് കടക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: