ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്; എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം. ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടാണ് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചകാര്യം അറിയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയായതോടെ കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ ഉന്നതസമിതിയായ വര്‍ക്കിംഗ് കമ്മിറ്റിയിലും ഉമ്മന്‍ ചാണ്ടി അംഗമായി.
പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടും.

ഉമ്മന്‍ ചാണ്ടിക്കൊപ്പം ആസാമില്‍ നിന്നുള്ള യുവനേതാവ് ഗൗരവ് ഗൊഗോയിയെയും എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനാണ് ഗൗരവ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയാണ് ഗൗരവ് ഗൊഗോയിക്ക് നല്‍കിയിരിക്കുന്നത്. സിപി ജോഷിയെ മാറ്റിയാണ് ഗൊഗോയിയെ നിയമിച്ചത്. പുതിയ രണ്ട് ജനറല്‍ സെക്രട്ടറിമാരും ഉടന്‍ ചുമതലയേല്‍ക്കുമെന്ന് അശോക് ഗെഹ്ലോട്ട് അറിയിച്ചു.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഏകോപനസമിതിയുടെ കണ്‍വീനറായി മുന്‍ മുഖ്യമന്ത്രി കൂടിയായ ദ്വിഗ്വിജയ് സിംഗിനെ നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

രണ്ടു തവണ കേരള മുഖ്യമന്ത്രിയും ഒരു തവണ കേരള പ്രതിപക്ഷനേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടി പക്ഷെ, കഴിഞ്ഞ തവണത്തെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ ചുമതല ഏറ്റെടുക്കാതെ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്.

ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയെ ദേശീയതലത്തില്‍ പ്രവര്‍ത്തനത്തിന് നിയമിക്കുമെന്ന് പലതവണ പറഞ്ഞുകേട്ടിരുന്നുവെങ്കിലും കേരളത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. അടുത്തിടെ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടിയും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ ദേശീയനേതൃത്വത്തിലേക്ക് നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനം വന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: