ശാരീരിക വൈകല്യമുള്ള കുഞ്ഞിന് സീറ്റ് അനുവദിക്കുന്നതില്‍ തര്‍ക്കം; സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റില്‍ ദുരനുഭവം നേരിട്ട് ഇന്ത്യന്‍ ദമ്പതികള്‍

ഇന്ത്യന്‍ ദമ്പതികള്‍ക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റില്‍ ദുരനുഭവം. കൊച്ചി സ്വദേശിയും സ്ഗപ്പൂരില്‍ സ്ഥിരതാമസക്കാരിയുമായ ദിവ്യാ ജോര്‍ജ്ജിനും ഭര്‍ത്താവ് അലക്സാണ്ടറിനുമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ക്യാപ്റ്റനില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. ദമ്പതികളുടെ ശാരീരിക വൈകല്യമുള്ള കുഞ്ഞിന് സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ ഇവരുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. സമൂഹമാധ്യമത്തില്‍നിന്നു പിന്തുണ തേടി,

ദിവ്യ ജോര്‍ജ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. കുഞ്ഞിനെ മടിയില്‍ വച്ച് ഭര്‍ത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടു. ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകള്‍ മസ്‌കുലര്‍ ഡെസ്ട്രോഫി ബാധിതയാണ്. അഞ്ച് വയസുകാരിയാണെങ്കിലും എട്ട് കിലോ മാത്രം ഭാരമുള്ള കുഞ്ഞിന് ഒരു വയസുകാരിയുടെ ശരീര വലുപ്പം മാത്രമാണുള്ളത്. കുട്ടിക്ക് സീറ്റില്‍ തനിയെ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ദമ്പതികള്‍ കുട്ടികളുടെ സീറ്റ്ബെല്‍ട്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഞ്ച് വയസ്സുള്ള കുട്ടിക്ക് ചെറിയ കുട്ടികളുടെ സീറ്റ് അനുവദിക്കാന്‍ കഴിയില്ലെന്ന് ക്യാപ്റ്റന്‍ തറപ്പിച്ചു പറയുകയായിരുന്നു.

മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും അവള്‍ക്ക് തനിയെ ഇരിക്കാന്‍ കഴിയില്ലെന്നും അതല്ലെങ്കില്‍ യാത്രയില്‍ തങ്ങളവളെ മടിയില്‍ എടുക്കേണ്ടി വരുമെന്നും അതിനാല്‍ സുരക്ഷിതയായി ഇരുത്തുവാന്‍ കുഞ്ഞുങ്ങളുടെ സീറ്റ് അനുവദിക്കണമെന്നും ദമ്പതികള്‍ പറഞ്ഞുനോക്കിയെങ്കിലും ക്യാപ്റ്റന്‍ വഴങ്ങിയില്ല. അത് എയര്‍ലൈന്‍സിന്റെ നിയമങ്ങള്‍ക്കെതിരാണെന്നും ഒന്നുകില്‍ കുട്ടിയെ അനുവദിക്കപ്പെട്ട സീറ്റില്‍ത്തന്നെ ഇരുത്തണമെന്നും അതല്ലെങ്കില്‍ കുട്ടിയെ നിങ്ങള്‍ മടിയിലിരുത്തിക്കോളൂ എന്നുമാണ് ക്യാപ്റ്റന്‍ പ്രതികരിച്ചത്.

ഇതേത്തുടര്‍ന്ന് ക്യാപ്റ്റനും ദമ്പതികളും തമ്മില്‍ ചെറിയ രീതിയിലുള്ള വാഗ്വാദം നടന്നു. എന്നാല്‍ ക്യാപ്റ്റന്‍ തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ദമ്പതികള്‍ കുഞ്ഞിനെ മടിയിലിരുത്തുകയായിരുന്നു. രാവിലെ 7.45നു പുറപ്പെടേണ്ട ഫ്ളൈറ്റ് ഒരു മണിക്കൂറിലധികം വൈകി 9 മണിയോടെയാണ് പുറപ്പെട്ടത്.

സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ ഫുക്കെറ്റിലേക്കുള്ള യാത്രയിലായിരുന്നു. മൂന്ന് ദിവസത്തെ അവധി ആഘോഷിക്കാന്‍ മകള്‍ക്കൊപ്പം സന്തോഷത്തോടെ ആരംഭിച്ച യാത്ര കണ്ണീരില്‍ അവസാനിച്ചെന്ന് ദിവ്യ പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ മകള്‍ക്കൊപ്പം നിരവധി തവണ ഫ്ളൈറ്റില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും ഇത്തരത്തില്‍ വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടില്ല. മകളെ മടിയിലിരുത്തുന്നത് കണ്ട് കുഞ്ഞുങ്ങളുടെ സീറ്റിലിരുത്താന്‍ ആവശ്യപ്പെടുന്ന ജീവനക്കാരെയാണിതുവരെ കണ്ടിട്ടുള്ളത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം നേരിടേണ്ടി വരുന്നത്.

ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ഫ്ളൈറ്റില്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് എന്തെങ്കിലും നിയമമുണ്ടോ എന്നും മറ്റ് എയര്‍ലൈന്‍സുകള്‍ക്കൊന്നുമില്ലാത്ത പ്രത്യേകത ഇവര്‍ക്കു മാത്രം എന്തുകൊണ്ടാണെന്നും ദിവ്യ ചോദിക്കുന്നു. എന്തായാലും മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ദമ്പതികള്‍ അറിയിച്ചു. സംഭവത്തില്‍ സ്‌കൂട്ട് എയര്‍ലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: