സംവരണം ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം; വ്യാപക അക്രമവും പ്രതിഷേധ ആത്മഹത്യയും

മുംബൈ: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗം നടത്തുന്ന ബന്ദ് ഔറംഗബാദില്‍ അക്രമാസക്തമായി. പ്രക്ഷോഭകരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പ്രക്ഷോഭം രൂക്ഷമായത്. സംസ്ഥാനത്ത് പലയിടത്തും നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മേഖലയിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രക്ഷോഭകരില്‍ ഒരാളായ കാകസാഹേബ് ഷിന്‍ഡേയാണ് തിങ്കളാഴ്ച പാലത്തില്‍നിന്ന് ഗോദാവരി നദിയിലേക്കു ചാടി ആത്മഹത്യ ചെയ്തത്. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റു രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംവരണ ആവശ്യം ഉന്നയിച്ച് ഏതാനും ദിവസങ്ങളായി ബുല്‍ധാന, അകോല, വാഷിം എന്നിവിടങ്ങളിലും മുംബൈയിലും പ്രക്ഷോഭകര്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച ഔറംഗബാദിലും മറാത്ത് വാഡ മേഖലയിലെ മറ്റു ജില്ലകളിലും ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിലുണ്ടായ വ്യാപക അക്രമങ്ങളില്‍ പ്രക്ഷോഭകര്‍ സര്‍ക്കാര്‍ ബസുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. പലയിടത്തും ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. വലിയ പോലീസ് സന്നാഹം അക്രമസംഭവങ്ങളുണ്ടായ സ്ഥലത്ത് ക്യാമ്പുചെയ്തിട്ടുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: