അയര്‍ലണ്ടില്‍ എടിഎം തട്ടിപ്പ് വ്യാപകമാകുന്നു; മലയാളികള്‍ കരുതിയിരിക്കുക; എടിഎം കൗണ്ടറുകളുടെ സുരക്ഷയില്‍ ആശങ്ക

കില്‍ഡെയര്‍: അയര്‍ലണ്ട് കേന്ദ്രീകരിച്ച് വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേരെ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച കില്‍ഡെയര്‍ നഗരത്തിലെ എ.ടി.എം മെഷീനില്‍ നിന്നും ഇവര്‍ വ്യാജ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്‌കിമ്മിങ് ഡിവൈസ് മുഖേനെ പണം തട്ടിയിരുന്നു. ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയുടെ സഹായത്തോടെയാണ് കുറ്റവാളികളെ പിടികൂടിയത്. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള തട്ടിപ്പ് സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതോടെ അയര്‍ലണ്ടില്‍ അടുത്തിടെ നടന്ന നിരവധി എടിഎം തട്ടിപ്പ് കേസുകളുടെ ചുരുളഴിയാനാണ് സാധ്യത. ഡബ്ലിന്‍, കില്‍ഡെയര്‍, മീത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവര്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കപ്പെടുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത ഇടത്ത് നിന്നും സ്‌കിമ്മിങ് ഡിവൈസും വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎം തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാണ് ഇരുവരുമെന്നാണ് പൊലീസ് നിഗമനം. എ.ടി.എം കൗണ്ടര്‍ മുഖേന പണം പിന്‍വലിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സ്‌കിമ്മിംഗ് ഡിവൈസ് ഉപയോഗിച്ച് ചോര്‍ത്തുകയും പിന്‍ നമ്പര്‍ കണ്ടെത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉണ്ടാക്കി പണം തട്ടുകയുമാണ് ഇവരുടെ രീതി.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കൊള്ളയും ആസൂത്രിതമോഷണവും സ്‌കിമ്മിംഗ് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും പെരുകുന്നുണ്ടെന്നും ജനങ്ങള്‍ ജാഗരൂകരാവണമെന്നും ഗാര്‍ഡ അഭ്യര്‍ഥിച്ചു. അക്കൗണ്ടില്‍നിന്നു തുക പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം എത്തുമ്പോഴായിരിക്കും പലരും പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. അതിനാല്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഗാര്‍ഡ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: