ഇനി ബഹിരാകാശത്തും അമേരിക്കയ്ക്ക് പുതിയ സൈന്യം; റഷ്യക്കും, ചൈനയ്ക്കും ശക്തമായ താക്കീത്

സ്പേസ് ഓപ്പറേഷന്‍സ് ഫോഴ്സ് എന്ന പേരില്‍ ബഹിരാകാശ സൈന്യം രൂപീകരിക്കാന്‍ യുഎസ് പദ്ധതിയിടുന്നതായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. യുഎസിന്റെ ആറാം സൈനിക വിഭാഗമായാണ് പുതിയ സൈന്യം വരുന്നത്. ബഹിരാകാശത്ത് ചൈനയും റഷ്യയും ശക്തമായ മത്സരം ഉയര്‍ത്തുന്നതിനാല്‍ അമേരിക്കയെ സംബന്ധിച്ച് ഇത്തരമൊരു സൈന്യം മേധാവിത്തം നിലനിര്‍ത്തുന്നതിനായി അനിവാര്യമാണെന്ന് മൈക്ക് പെന്‍സ് അഭിപ്രായപ്പെട്ടു.

മുന്‍ യുഎസ് ഗവണ്‍മെന്റുകളെല്ലാം തന്നെ ബഹിരാകാശത്തെ സുരക്ഷാഭീഷണികളും വെല്ലുവിളികളും അവഗണിച്ചിട്ടുണ്ട്. എതിരാളികള്‍ ബഹിരാകാശത്തെ സംഘര്‍ഷമേഖലയാക്കിയിരിക്കുകയാണെന്നും ഇതുകണ്ട് വെറുതെയിരിക്കാന്‍ അമേരിക്കക്ക് കഴിയില്ലെന്നും മൈക്ക് പെന്‍സ് പറഞ്ഞു. യു.എസ് സൈന്യം ബഹിരാകാശ യുദ്ധ സാധ്യതയെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ അബദ്ധങ്ങള്‍ തിരുത്തുമെന്നാണ് അമേരിക്കയുടെ പുതിയ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. മൈക്ക് പെന്‍സിനെ പ്രശംസിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ രംഗത്തെത്തി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബഹിരാകാശ സൈന്യം എന്ന ആശയത്തെ ആദ്യം പറഞ്ഞപ്പോള്‍ കൂടുതല്‍പേരും ചിരിച്ചുതള്ളുകയായിരുന്നു. എന്നാല്‍ സംഗതി സത്യമാണെന്ന് അറിഞ്ഞതിനുശേഷം ലോകരാജ്യങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണു കരയും ആകാശവും കടലുമെന്നപോലെ ഗ്രഹാന്തര മേഖലയും പുതിയ സാധ്യത തുറക്കുന്നതായി ട്രംപ് പറഞ്ഞത്. യു.എസ് സാറ്റലൈറ്റുകള്‍ ആക്രമിക്കപ്പെട്ടാല്‍ എങ്ങനെ നേരിടുമെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ വ്യോമസേന പരിശോധിച്ചിരുന്നു. ഓസ്ട്രേലിയ, കനഡ, ന്യൂസിലാന്‍ഡ്, യു.കെ എന്നീ രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെ വിപുലമായ പരിശോധനക്ക് പദ്ധതി തയറാക്കിയിട്ടുണ്ട്. ജി.പി.എസ് സിഗ്‌നലുകള്‍ ഇരുട്ടിലാണ്ടാല്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് സൈന്യത്തിന് തുടര്‍ച്ചയായി പരിശീലനം നല്‍കിവരുന്നുമുണ്ട്.

കരയുദ്ധവും ശീതയുദ്ധവുമൊക്കെ അസ്ഥാനത്താവുകയാണെന്നും യഥാര്‍ഥ ബഹിരാകാശ യുദ്ധം യാഥാര്‍ഥ്യമാകുകയാണെന്നും പറയുമ്പോള്‍ പെന്റഗണ്‍ ഇനിയും അതിനു തയാറായിട്ടില്ല. ഉപഗ്രഹങ്ങള്‍ തകര്‍ക്കുന്നതിനും പ്രവര്‍ത്തന രഹിതമാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതില്‍ റഷ്യയും ചൈനയും ഏറെ മുന്നോട്ടു പോയിരിക്കയാണ്. അതിനാല്‍ കര, വ്യോമ യുദ്ധത്തിനാവശ്യമായ അത്യാധുനിക ആയുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പെന്റഗണ്‍ ഉപഗ്രഹങ്ങള്‍ തകര്‍ക്കുന്നതിനാവശ്യായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലേക്കും അതിനാവശ്യമായ പരിശീലനത്തിലേക്കും നീങ്ങുകയാണ്.

ബഹിരാകാശത്തിനു മുന്‍ഗണന നല്‍കി ഡോണള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ തന്ത്രം തന്നെ മാറ്റിയെന്നതാണ് സവിശേഷമായ കാര്യം. ബഹിരാകാശത്തിനു മുഖ്യ ഊന്നല്‍ നല്‍കി മുന്നേറാനാണ് സൈന്യത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ട്രംപിന്റെ നിര്‍ദേശം വലിയ മാറ്റത്തിലേക്കാണ് നയിക്കുന്നതെന്ന് എയര്‍ ഫോഴസ് സെക്രട്ടറി ഹീതര്‍ വില്‍സണ്‍ പറയുന്നു. സൈന്യത്തിന്റെ ബഹിരാകാശ യത്നങ്ങള്‍ക്ക് 1250 കോടി ഡോളറാണ് ഏറ്റവും പുതിയ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. രഹസ്യ പദ്ധതികളുടെ ചെലവ് ഇതില്‍ ഉള്‍പ്പെടുന്നില്ല.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: