കനത്ത മഴയില്‍ കേരളം വിറങ്ങലിച്ചു; 14 ജില്ലകളിലും റെഡ് അലര്‍ട്ട്

മഴ ശക്തമായി തുടരുന്നതിനാല്‍ കേരളത്തിലെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ 12 ജില്ലകളിലായിരുന്നു റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്. എന്നാല്‍ ജില്ലകളില്‍ എല്ലാം മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെയാണ് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയില്‍ ഇന്ന് മാത്രം സംസ്ഥാനത്ത് മരിച്ചത് 20 പേരാണ്. ഭൂരിഭാഗം ജില്ലകളും തോരാത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ഇതിനോടകം എട്ട് ജില്ലകളിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എംജി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളെജുകളില്‍ ഓഗസ്റ്റ് 16 ന് നടത്താനിരുന്ന കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

33 ഡാമുകളാണ് കേരളത്തില്‍ ഇപ്പോള്‍ തുറന്നിരിക്കുന്നത്. നദികള്‍ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. മിക്ക ഡാമുകളിലെയും ജലനിരപ്പും ഉയരുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരുമായും കേന്ദ്രവുമായും ബന്ധപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

പമ്പയിലെ വെള്ളപ്പൊക്കം കാരണം റാന്നി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങള്‍ വലിയ ഭീഷണി നേരിടുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍, മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നുവിടുന്നത് കാരണം ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുന്നു. ആലുവ, പരവൂര്‍ തുടങ്ങി പെരിയാറിന്റെ കരയിലുളള പ്രദേശങ്ങളും വെള്ളപ്പൊക്കക്കെടുതി നേരിടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: