2018 ല്‍ അയര്‍ലന്റിലെ റോഡുകളില്‍ അപകടങ്ങള്‍ കൂടിയതായി റിപ്പോര്‍ട്ട്; വാഹനയാത്രയില്‍ അല്പം കരുതലെടുക്കാം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017ലെ റോഡപകടങ്ങളില്‍ ജീവന്‍പൊലിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഈ വര്‍ഷം വീണ്ടും പഴയപടി അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റോഡില്‍ പിടഞ്ഞ് ഇല്ലാതാകുന്ന ജീവനുകളുടെയെണ്ണം ഓരോ വര്‍ഷവും ഏറി വരുന്നതായിരുന്നു ഇതുവരെയുള്ള കണക്ക്. ഈ ആശങ്കയ്ക്ക് അല്‍പം ആശ്വാസം നല്‍കുന്നതാണ് 2017 ലെ പൊലീസ് തയറാക്കിയ റോഡപകട കണക്കുകള്‍. 158 ജീവനുകളാണ് കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത്. അതേസമയം 2018 ല്‍ ഇതുവരെയുള്ള റോഡപകടങ്ങളുടെ എണ്ണം കൂടുതലാണെന് ഗാര്‍ഡ കംമീഷണര്‍ ഡ്രൂ ഹാരിസ് വ്യക്തമാക്കി. റോഡ് സുരക്ഷ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡ് സേഫ്റ്റി അവയര്‍നെസ്സ് പ്രോഗ്രാമായ പ്രൊജക്റ്റ് എഡ്വാര്‍ഡിന്റെ ഉത്ഘടനത്തോടനുബന്ധിച്ചാണ് അദ്ദേഹം റോഡ് സുരക്ഷയെ പറ്റി വിശദീകരിച്ചത്.

പ്രൊജക്റ്റ് എഡ്വാര്‍ഡിന്റെ ഭാഗമായി നടത്തിയ 24 മണിക്കൂര്‍ പരിശോധനയില്‍ 129,250 വാഹങ്ങളുടെ വേഗത പരിശോധിക്കപ്പെട്ടു. ഇതില്‍ 256 വാഹങ്ങള്‍ അമിത വേഗതയിലായിരുന്നുവെന്ന് ഗാര്‍ഡ കണ്ടെത്തി. റോഡിലിറങ്ങിയ വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം ഓരോവര്‍ഷവും കൂടുകയാണെന്നതില്‍ സംശയമൊന്നുമില്ല. എന്നിട്ടും കഴിഞ്ഞ വര്‍ഷം അപകടം കുറയ്ക്കാനായത് സുരക്ഷാനടപടികള്‍ ഫലം കാണുന്നൂവെന്നതിന്റെ സൂചനയായാണ് ഗാര്‍ഡ വിലയിരുത്തുന്നത്. അതേസമയം ഈ വര്‍ഷത്തില്‍ വേഗത നിയന്ത്രണം പാലിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഇത് പല അപകടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്തു. അമിതവേഗത്തില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരെയാണ് ഗാര്‍ഡ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയത്.

അയര്‍ലണ്ടില്‍ കനത്ത മഴയും കൊടുങ്കാറ്റുകളും എത്തിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ വാഹന യാത്രികരുടെ ദുരിതം ചില്ലറയല്ല. നിരത്തില്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതും മഴക്കാലത്തുതന്നെ. വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. വാഹനം ഓടിക്കുന്നവര്‍ക്ക് അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. മഴക്കാലത്ത് പല റോഡുകളുടെയും അവസ്ഥ വളരെ മോശമാകും. റോഡില്‍ രൂപപ്പെടുന്ന വലിയ കുഴികള്‍ അപകടം വിളിച്ചുവരുത്തും. വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുകൂടി വാഹനം പരമാവധി വേഗതകുറച്ച് ഓടിക്കുന്നതാണ് ഉത്തമം.

യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന റോഡുകളുടെ നിലവാരത്തെക്കുറിച്ച് മുന്‍ധാരണ ഉണ്ടാകുന്നത് വളരെ നല്ലതാണ്. അതിനനുസരിച്ച് വേഗത കുറച്ച് വാഹനം ഓടിക്കാം. റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുന്നു. അതുകൊണ്ട് പരാമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചു വരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററില്‍നിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം.

വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ കത്തിക്കുന്നത് നല്ലതാണ്. ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ സംവിധാനം ഉള്ളതിനാല്‍ പുതിയ ഇരുചക്ര വാഹനങ്ങളില്‍ എല്ലായിപ്പോഴും ലൈറ്റ് തെളിഞ്ഞിരിക്കും. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്‌ലൈറ്റ് സഹായിക്കും.  രാത്രി കാലങ്ങളില്‍ ഹൈബീം ലൈറ്റ് ഉപയോഗിച്ച് എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.

മഴക്കാലത്തിനു മുന്‍പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നതാണ് ഉത്തമം. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഢിത്തമാകും. തേയിമാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. ബൈക്കുകളില്‍ ഡിസ്‌ക് ബ്രേക്കാണെങ്കില്‍ ബ്രേക്ക് പാനലില്‍ പൊടിയും ചളിയും അടിഞ്ഞു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. അലൈന്‍മെന്റെും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുന്നതും ടയര്‍ പ്രഷര്‍ നിശ്ചിത അളവില്‍ നിലനിര്‍ത്തുകയും വേണം. ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുന്‍പ് പരിശോധിക്കുന്നത് നല്ലത്. സര്‍വ്വീസ് സെന്ററിലെയോ അടുത്തറിയാവുന്ന മെക്കാനിക്കിന്റെയോ ഫോണ്‍ നമ്പര്‍ ഓര്‍ത്തു വയ്ക്കുന്നത് അത്യാവശ്യ ഘട്ടത്തില്‍ ഉപകാരമാകും.

മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്.  വാഹനം പൂര്‍ണ്ണനിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക. വളവുകള്‍ സൂക്ഷിച്ച് മാത്രം തിരിയുക. വെട്ടിയൊഴിയല്‍ ഒഴിവാക്കുക.

ശക്തമായ മഴയില്‍ പരമാവധി യാത്ര ഒഴിവാക്കുക മഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്‍പ്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം. മഴക്കാല യാത്രയ്ക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുക. ഗതാഗത കുരുക്കുകളും മാര്‍ഗ്ഗ തടസവും മുന്നില്‍ക്കണ്ടുകൊണ്ട് സാധാരണ ദിവസത്തെക്കാള്‍ അല്‍പം നേരത്തെ ഇറങ്ങുന്നതാണ് നല്ലത്. മാര്‍ഗ്ഗ തടസംമൂലം ചിലപ്പോള്‍ വഴിമാറി സഞ്ചരിക്കേണ്ടിയും വന്നേക്കാം. നേരത്തെ ഇറങ്ങാതിരുന്നാല്‍ അമിത വേഗതയെത്തന്നെ ആശ്രയിക്കേണ്ടി വരും. അത് അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യും. റോഡിലുള്ള മാര്‍ക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കണം. പെയ്ന്റ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് കുറവായതിനാല്‍ അപകടം പറ്റിയേക്കാം.

സ്വന്തം ജീവനോളം തന്നെ വില നിരത്തിലെ മറ്റുള്ള യാത്രക്കാര്‍ക്കും നല്‍കുക. നിങ്ങളുടെ ശ്രദ്ധക്കുറവുകൊണ്ടല്ലാതെയും നിങ്ങള്‍ അപകടത്തില്‍പ്പെട്ടേക്കാം. എന്നാല്‍ നിങ്ങളുടെ വാഹനത്തിന്റെ വേഗത കുറവായിരുന്നാല്‍ ഒരുപരിധി വരെ അപകട ആഘാതവും കുറവായിരിക്കുമെന്ന കാര്യം മറക്കാതിരിക്കുക

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: