ഭവന ആരോഗ്യമേഖലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കും; നികുതി സംവിധാനം അടിമുടി പരിഷ്‌കരിക്കും; വന്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കേണ്ട

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യ, ഭവന മേഖലകളില്‍ ശ്രദ്ധ ചെലുത്തുന്ന ബഡ്ജറ്റായിരിക്കണം ഇത്തവണത്തേതെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട്. ഇതിനായി നികുതി സംവിധാനത്തില്‍ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാനും ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചു. ഇതിലൂടെ മൂന്ന് ബില്യണ്‍ യൂറോ വരെ അധികവരുമാനം സര്‍ക്കാരിന് വകയിരുത്താന്‍ കഴിയുമെന്നും ഇത് ഭവനമേഖല, ഹെല്‍ത്ത് കെയര്‍, വെല്‍ഫെയര്‍ മേഖലകളുടെ ഉന്നമനത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്നും അയര്‍ലണ്ട് സാമൂഹികക്ഷേമ വകുപ്പ് വ്യക്തമാക്കി. നികുതി ഘടനയിലെ പൊളിച്ചെഴുത്തും വര്‍ധനവും പ്രതീക്ഷിക്കാവുന്നതാണ്.

ആഴ്ചതോറുമുള്ള സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റ്‌സ് 6.50 യൂറോയായി വര്‍ധിപ്പിക്കും. പൊതുഭവന മേഖലയില്‍ 1.2 ബില്യണ്‍ അധിക ഫണ്ട് വകയിരുത്തും. ആരോഗ്യ മേഖലയില്‍ 1ബില്യണ്‍ യൂറോ അധിക തുക ചിലവഴിക്കും. 2019 ബഡ്ജറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ക്ഷേമപദ്ധതികള്‍ വര്‍ധിപ്പിക്കുന്നതിലാകുമെന്ന സൂചനയും വരേദ്കര്‍ നല്‍കിയിട്ടുണ്ട്. ബജറ്റിലെ ക്ഷേമപദ്ധതികളില്‍ പ്രതിവാര നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ മേഖലകളിലെ പ്രതിസന്ധി അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഫണ്ട് ഇതിലേക്ക് വകയിരുത്തുന്നത്. പൊതുനിക്ഷേപങ്ങളുടെ അഭാവം പബ്ലിക് സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തന പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ആരോഗ്യ, ഭവന മേഖലകളിലുള്‍പ്പെടെ രാജ്യം നേരിടുന്ന സാമൂഹിക പ്രതിസന്ധികള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണെന്നും അതിനാല്‍ നികുതി വെട്ടിക്കുറയ്ക്കുന്നതിന് പകരം പൊതുമേഖലയുടെ ഉന്നമനത്തിനായി നികുതി വര്‍ധനവിന് മടിക്കേണ്ടതില്ലെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.

റെക്കോര്‍ഡ് തുക വീട് വാടകയ്ക്ക് ചിലവാക്കുകയും, ആശുപത്രിയിലെ വെയിറ്റിങ് ലിസ്റ്റ് നീളുകയും, അല്ലെങ്കില്‍ ചൈല്‍ഡ് കെയറിനായി യൂറോപ്പിലെ ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കുകയും ചെയ്യുന്ന അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് രണ്ടോ മൂന്നോ യൂറോ നികുതി ഇളവ് നല്‍കുന്നതില്‍ യാതൊരു പ്രയോജനവും ലഭിക്കില്ലെന്നും ആ തുക രാജ്യം നേരിടുന്ന അടിയന്തിര പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉപയോഗിക്കണമെന്നും സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് വക്താവ് കൊലെറ്റ് ബെനറ്റ് അഭിപ്രായപ്പെട്ടു. ഇതോടൊപ്പം കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ വേതനം കൈപ്പറ്റുന്നവര്‍ക്ക് ടാക്സ് കൂട്ടുകയും കുറഞ്ഞ വേതനക്കാര്‍ക്ക് പരമാവധി നികുതി കുറച്ചുകൊണ്ടുമുള്ള സംവിധാനമായിരിക്കും ബഡ്ജറ്റിലെന്ന് വരേദ്കറും സൂചന നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടില്‍ സാമ്പത്തിക അസമത്വം ഉണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന പ്രധാനമന്ത്രി അത് ഇല്ലാതാക്കാന്‍ കഴിയുന്ന വ്യവസ്ഥിതിയിലേക്ക് രാജ്യത്തെ നയിക്കുമെന്ന ശക്തമായ ആശയവും മുന്നോട്ട് വെയ്ക്കുകയാണ്.

ആരോഗ്യമേഖലയില്‍ 13.5 ശതമാനം വാറ്റ് വര്‍ധിപ്പിക്കുന്നതിലൂടെ 220 മില്യണ്‍ അധിക തുക കണ്ടെത്താനാകും.  പെട്രോള്‍-ഡീസല്‍ എക്‌സൈസ് തീരുവ ലിറ്ററിന് 53 സെന്റായി ഒരുമിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോളിന് 6 സെന്റ് കുറയ്ക്കുകയും ഡീസലിന് 6 സെന്റ് വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ 88 മില്യണ്‍ തുക വകയിരുത്താനാണ് ഉദ്ദേശിക്കുന്നത്. പ്രോപ്പര്‍ട്ടി ട്രാന്‍സ്ഫറിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി 2 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി വര്‍ധിപ്പിക്കും. 1 മില്യണ്‍ യൂറോ ഇതിലൂടെ ലഭിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി കാര്‍ബണ്‍ ടാക്സ് വര്‍ധിപ്പിക്കണതാണ് വരുന്ന ബഡ്ജറ്റിലെ മറ്റൊരു സുപ്രധന തീരുമാനം. കാര്‍ബണ്‍ ടാക്സ് വര്‍ദ്ധിപ്പിക്കുന്നത് പെട്രോളിനോ ഡീസലിനോ ലിറ്ററിന് 3 സെന്റ് വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കാര്‍ബണ്‍ ടാക്സ് ഉയരുമ്പോള്‍, അത് ഏററവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഇവര്‍ക്ക് ബദല്‍ നടപടികള്‍ ബഡ്ജറ്റില്‍ പ്രതീക്ഷിക്കാവുന്നതാണെന് വരേദ്കര്‍ സൂചിപ്പിച്ചു. അതേസമയം ഈ നിര്‍ദ്ദേശത്തിന് ഫിയന ഫെയില്‍ പച്ചക്കൊടി നീട്ടേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് പാക്കിങ്ങിന് പുതിയ ലെവി ചുമത്തും, ആല്‍ക്കഹോള്‍, സിഗരറ്റ്, ബെറ്റിങ് തുടങ്ങിയവയ്ക്ക് നികുതി വര്‍ദ്ധനവ് പ്രതീക്ഷിക്കാം. 2018 ലെ ബഡ്ജറ്റില്‍ ഓരോരുത്തരിലും നിന്നും 14.402 യൂറോ നികുതി ഇനത്തില്‍ ഇടാക്കിയെങ്കില്‍ അത് 15,000 ആയി വര്‍ധിപ്പിക്കാനാണ് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ടിന്റെ അഭിപ്രായം. സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ വരേദ്കര്‍ ഗവണ്‍മെന്റിന് ധൈര്യമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഭവ സമാഹാരം കുറഞ്ഞ മേഖലകളെ കണ്ടുപിടിച്ച് നിക്ഷേപം വര്‍ധിപ്പിക്കുമ്പോള്‍ അടിസ്ഥാന വികസനം എന്ന സ്വപനം നിറവേറ്റാന്‍ സര്‍ക്കാരിന് കഴിയും. ആരോഗ്യ മേഖലയില്‍ വികസന സൗകര്യങ്ങള്‍ വളര്‍ത്തിയെടുത്താല്‍ എല്ലാ വിഭാഗങ്ങള്‍ക്കും അത് പ്രയോജനപ്പെടുത്താം. കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യാം.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: