പത്തടി ഉയരത്തില്‍ വരെ തിരമാലകള്‍, ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ മരണം 384

ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. കടല്‍തീരത്ത് പകുതി മണ്ണില്‍ മൂടിയ മൃതദേഹങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സുനാമിയില്‍ 400 പേരോളം മരിച്ചതായി ഇന്‍ഡോനീഷന്‍ അധികൃതര്‍. പറയുന്നു. 384 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇന്‍ഡോനീഷ്യ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ദുരന്തബാധിതമായ ചില പ്രദേശങ്ങളിലേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ലെന്നും ഇത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമെന്ന് ഭയമുണ്ടെന്നും അധികൃതര്‍ പറയുന്നു.

പാലു നഗരത്തില്‍ മാത്രം 384 പേര്‍ മരിച്ചുവെന്നാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇന്‍ഡോനീഷ്യയില്‍ സുനാമിയുണ്ടായത്. സുലവേസി ദ്വീപിലാണ് സുനാമിക്ക് കാരണമായ ഭൂകമ്പമുണ്ടായത്. 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഇന്‍ഡൊനീഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അരമണിക്കൂറിനകം പിന്‍വലിക്കുകയും ചെയ്തു. തുടര്‍ ചലനങ്ങള്‍ 6.7 വരെ രേഖപ്പെടുത്തി. തീരത്തേക്ക് സുനാമി തിരമാലകളടിക്കുന്ന ദൃശ്യം ഇന്‍ഡൊനീഷ്യന്‍ ടി.വി. പുറത്തുവിട്ടു.

സംഭവത്തില്‍ 29 പേരെ കാണാതായിട്ടുണ്ടെന്നും 540 ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത് പാലു നഗരത്തില്‍നിന്നുമാത്രമുള്ള കണക്കാണ്. മറ്റുസ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഡോംഗലയുമായി വാര്‍ത്താവിനിമയ ബന്ധം നഷ്ടപ്പെട്ടതായും ഇവിടെയും സുനാമിത്തിരകള്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

10 അടി ഉയരമുള്ളമുള്ള തിരമാലയാണ് സുനാമിയേത്തുടര്‍ന്നുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ഒരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള തിരമാലയാണ് അടിച്ചതെന്നാണ് പുറത്തുവരുന്ന വീഡിയോദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലു, ചെറുനഗരം എന്നിവിടങ്ങളിലാണ് തിരമാലകള്‍ ആഞ്ഞടിച്ചതെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വൊ നഗ്രൊഹൊ പറഞ്ഞു. വീടുകള്‍ ഒഴുകിപ്പോയി. ഒട്ടേറെ കുടുംബങ്ങളെ കാണാതായി. ദ്വീപില്‍ 3.5 ലക്ഷം പേര്‍ താമസിക്കുന്നുണ്ട്.

പ്രദേശത്തേക്കുള്ള വാര്‍ത്താവിനിമയബന്ധം തകരാറിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരുന്നതേയുള്ളൂ. പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേഖലയിലേക്ക് ശനിയാഴ്ച രാവിലെ കൂടുതല്‍ രക്ഷാസംവിധാനങ്ങള്‍ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലുവില്‍ ശക്തമായ തിരമാല അടിക്കുന്നതിന്റെയും ജനം പരിഭ്രാന്തരായി ഓടുന്നതിന്റെയും ചിത്രങ്ങളാണ് ഇന്‍ഡൊനീഷ്യന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്. ഭൂചലനത്തെത്തുടര്‍ന്ന് പാലുവിലെ വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കയാണ്. സുലവേസിയില്‍ ഒട്ടേറെ വീടുകള്‍ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യ-പടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ മാസങ്ങള്‍ക്കുമുമ്പുണ്ടായ ഭൂചലനത്തില്‍ 500-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

2004 ഡിസംബറില്‍ പടിഞ്ഞാറന്‍ ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലായി 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: