ബാങ്കുകളില്‍ സാങ്കേതിക തകരാര്‍; സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകള്‍ മുടങ്ങി

ഡബ്ലിന്‍: ബാങ്കിങ് നെറ്റ്വര്‍ക്കിലുണ്ടായ തകരാറ് കാരണം ചൈല്‍ഡ് കെയര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകള്‍ക്ക് കാലതാമസം നേരിടുന്നതായി അയര്‍ലന്റിലെ വിവിധ ബാങ്കിങ് ശൃഖലകള്‍ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് പേയ്മെന്റുകള്‍ നല്‍കുന്നതില്‍ തടസ്സം നേരിട്ടതെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ടിഎസ്ബി ബാങ്ക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. യൂറോപ്പിലാകമാനം വിവിധ ബാങ്കുകള്‍ തമ്മിലുള്ള ട്രാന്‍സാക്ഷന്‍ സംവിധാനത്തിനാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്. തകരാറില്‍ നിന്ന് കരകയറാനുള്ള പരിശ്രമം തുടര്‍ന്നു വരികയാണെന്നും ബാങ്കുകള്‍ അറിയിച്ചു.

ഐറിഷ് ബാങ്കുകളുമായുള്ള പണമിടപാടില്‍ തടസ്സം നേരിടുന്നതായി അള്‍സ്റ്റര്‍ ബാങ്ക് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍ നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ബാങ്ക് അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും പെട്ടെന്ന് തന്നെ പൂര്‍വ്വസ്ഥിതിയിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം AIB യെയും ബാങ്ക് ഓഫ് അയര്‍ലണ്ട് അക്കൗണ്ടുകളെയും പ്രശ്‌നം ബാധിച്ചിട്ടില്ല. സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകള്‍ ആവശ്യക്കാരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് അയയ്ക്കുന്നതിലാണ് പ്രശ്‌നം നേരിട്ടതെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുമായി വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ബന്ധപ്പെടുന്നുണ്ടെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു.

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: