അതിര്‍ത്തിയില്‍ തീവ്രവാദികളുടെ താവളം: പാക് സൈന്യം നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതായി ഇന്ത്യ

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ തീവ്രവാദികളുടെ സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നതായി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ പര്‍വത പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകുന്നതിന് മുമ്പ് അതിര്‍ത്തി നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറാനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സൗത്ത് കശ്മീരിലെ കുല്‍ഗാമില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ ഇരു രാജ്യങ്ങളും മെയ് മാസം തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനം വന്നതിനു ശേഷം ഏഴു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തിയതായും 23 തീവ്രവാദികളെ കൊലപ്പെടുത്തിയതായും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. തീവ്രവാദികളെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നത് പാക് സൈന്യമാണെന്നും ഇന്ത്യന്‍ സേന ആരോപിക്കുന്നു.

അതിര്‍ത്തിയില്‍ പാകിസ്താെന്റ ഭാഗത്തു നിന്നും പലതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായെന്നും ആ സാഹചര്യങ്ങളില്‍ ഇന്ത്യ സംയമനം പാലിച്ചുവെന്നും സേന പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദികളെ അതിര്‍ത്തി കടത്തി വിടുന്ന പാക് സൈന്യത്തിന്റെ നടപടി അവസാനിപ്പിക്കണം. നിയന്ത്രണ രേഖയുടെ മൂന്നു കിലോമീറ്റര്‍ പരിധിയില്‍ താവളങ്ങളുണ്ടാക്കി തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും സൈന്യം പറയുന്നു.

ഞായറാഴ്ച ജമ്മു കശ്മീരിലെ സുന്ദര്‍ബനി മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു. കൂടുതല്‍ ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സംശയത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: