കത്തോലിക്കാ സഭാകാര്യങ്ങളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് വത്തിക്കാനില്‍ യുവജന സിനഡ്; തീരുമാനം മാര്‍പാപ്പയ്ക്ക് വിട്ടു

കത്തോലിക്കാ സഭാ കാര്യങ്ങളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന ആഹ്വാനത്തോടെ വത്തിക്കാനില്‍ യുവജന സിനഡ് സമാപിച്ചു. സിനഡിന്റെ നിര്‍ദേശങ്ങള്‍ പരിശോധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അന്തിമ തീരുമാനമെടുക്കുക. ബിഷപ്പുമാരും പുരോഹിതരും കന്യാസ്ത്രീകളും അല്‍മായരും അടക്കം മുന്നൂറിലധികം പേര്‍ പങ്കെടുത്ത സിനഡില്‍ സ്ത്രീകളുടെ പങ്കാളിത്തമാണ് മുഖ്യ ചര്‍ച്ചാ വിഷയമായത്. കൂടാതെ, സഭയിലെ ലൈംഗിക അപവാദങ്ങളും യാഥാസ്ഥിതിക പക്ഷവും പുരോഗമനവാദികളും തമ്മിലുള്ള വാഗ്വാദവും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍.

സ്വവര്‍ഗ ബന്ധങ്ങളുടെ കാര്യത്തിലും ഭിന്നാഭിപ്രായം ഉയര്‍ന്നെങ്കിലും പ്രമേയം ഇരുവിഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന വിധമുള്ള ഭാഷയിലാക്കി പരിഹാരം കണ്ടെത്തി. സഭയില്‍ എല്ലാവരെയും ഉടന്‍ സ്വീകരിക്കേണ്ട അനിവാര്യമായ മാറ്റങ്ങള്‍ സംബന്ധിച്ച് ബോധവാന്മാരാക്കണം. നീതി നിറവേറ്റപ്പെടേണ്ടതിനാല്‍ സഭയുടെ എല്ലാ തട്ടിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം ഉണ്ടാകണം.

ലൈംഗിക പീഡന പരാതികള്‍ ലോകത്തെ വ്യത്യസ്ത രാജ്യങ്ങളില്‍ സഭയുടെ പേരിന് കളങ്കമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാകണമെന്നും വത്തിക്കാനില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച അന്തിമരേഖ ആവശ്യപ്പെട്ടു. സഭാ ഘടനയില്‍ സുതാര്യത വരുത്തി ലൈംഗിക അപവാദങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ലൈംഗികതയുടെ പേരിലുള്ള വിവേചനവും അതിക്രമവും തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം വ്യക്തമാക്കി. വിവാഹിതര്‍ക്കു പൗരോഹിത്യം നല്‍കണമെന്ന ആവശ്യവുമായി ബെല്‍ജിയത്തില്‍ നിന്നുള്ള ബിഷപ്പുമാര്‍ രംഗത്തുവന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: