കിഴക്കന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ നാല് കൗണ്ടികളില്‍ പ്രഖ്യാപിച്ച യെല്ലോ വാണിങ്ങുകള്‍ ഇന്നും തുടരുന്നു. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഡബ്ലിന്‍, ലൗത്, മീത്ത്, വിക്കലോ എന്നിവിടങ്ങളിലാണ് യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുള്ളത്. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. വാഹനമോടിക്കുന്നവര്‍ പരമാവധി വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കൂടുതല്‍ സമയമെടുത്തുവേണം യാത്രചെയ്യാനെന്നും എഎ റോഡ് വാച്ച് അറിയിച്ചു.

വെള്ളപൊക്കത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്നും നാളെയുമായി കനത്ത മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കി. കനത്ത മഴ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമാകാം. 25 മില്ലീമീറ്റര്‍ മുതല്‍ 35 മില്ലീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്രോഗഡ മേഖലയില്‍ എം 1 പാതയില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. സുരക്ഷിത അകലം ഉറപ്പ് വരുത്തണം. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യാതിരിക്കാനും പരമാവധി വേഗം കുറച്ച് ഓടിക്കാനും ശ്രദ്ധിക്കണം. കണ്ടയിനര്‍ ലോറി പോലെയുള്ള വലിയ വാഹനങ്ങളുടെ തൊട്ടുപിറകില്‍ വാഹനം ഓടിച്ചാല്‍ അവയുടെ ടയറില്‍ നിന്ന് ചെളിതെറിച്ച് വിന്‍ഷീല്‍ഡിലൂടെയുള്ള കാഴ്ച തടസ്സപ്പെടും. മറ്റു വാഹനങ്ങളെ പിന്തുടര്‍ന്നുള്ള യാത്രയും മഴക്കാലത്ത് നല്ലതല്ല. മുന്നിലെ വാഹനത്തിന്റെ ഇന്റിക്കേറ്ററും ബ്രേക്ക് ലൈറ്റുമൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഓടിക്കുന്ന ഡ്രൈവറുടെ നീക്കം നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. ഒരല്‍പ്പം മുന്‍കരുതലെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: