എച്ച് 1 എന്‍ 1: ഈ വര്‍ഷം മരണമടഞ്ഞത് 30 പേര്‍, 500 പേരില്‍ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് H1N1 മരണനിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയരുന്നതായി സൂചന. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 500 പേരിലാണ്. അതില്‍ 30 പേര്‍ മരണപ്പെട്ടു. വായുവിലൂടെ എളുപ്പത്തില്‍ പകരാനുള്ള സാധ്യതയാണ് രോഗ വ്യാപനത്തിന്റെ തോത് ഉയര്‍ത്തുന്നത്. ശബരിമലയിലേയ്ക്കും മറ്റും ധാരാളം തീര്‍ത്ഥാടകര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് H1N1 സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അമര്‍ ഫെറ്റില്‍ ആവശ്യപ്പെട്ടു.

”കേരളത്തില്‍ H1N1 കേസുകള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടി വരുന്നതായി സെപ്റ്റംബര്‍ മാസം തുടക്കത്തില്‍ തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. അപ്പോള്‍ തന്നെ പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള രണ്ടു ലബോറട്ടറികളിലാണ് നിലവില്‍ രോഗ നിര്‍ണ്ണയ പരിശോധനകള്‍ നടക്കുന്നത്. ഇതുവരെ ഏതാണ്ട് 3400 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 500 എണ്ണം പോസറ്റീവ് ആയി കണ്ടു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 30 H1N1 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വൈറസ് രോഗബാധയ്ക്ക് എതിരെയുള്ള മരുന്നിന്റെ ലഭ്യത ഉറപ്പാക്കുകയും ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം ട്രെയിനിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഒസള്‍ട്ടമിവിര്‍ എന്ന സ്‌പെസിഫിക് മരുന്നാണ് H1N1 ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ആളുകളെ ഈ മരുന്ന് നല്‍കി രക്ഷപെടുത്താന്‍ സാധിച്ചിട്ടുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തുന്നതിനോടൊപ്പം തന്നെ കൃത്യമായ ചികിത്സാ മാര്‍ഗ്ഗ രേഖകള്‍  ഡോക്ടര്‍മാര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നല്‍കുകയും ചെയ്തിട്ടുണ്ട്.

ഏതാണ്ട് മുപ്പതു ശതമാനം ജലദോഷ രോഗങ്ങള്‍ക്ക് കാരണം H1N1 വൈറസാണ്. എല്ലാ രോഗികളെയും ടെസ്റ്റിന് വിധേയരാകുന്നത് കാല താമസത്തിനും ചികിത്സ വൈകുന്നതിനും കാരണമാവുണ്ട്. അതുകൊണ്ട് രോഗ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ചികിത്സ ആരംഭിക്കാനാണ് ഡോക്ടര്‍മാര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. പ്രമേഹ രോഗികള്‍, ഗര്‍ഭിണികള്‍, വളരെ അടുത്ത് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ എന്നിവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണ്. ഇത്തരക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വളരെ നേരത്തെ തന്നെ ചികിത്സ തേടുകയും ചെയ്യേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളോടും പ്രധാന മെഡിക്കല്‍ ഷോപ്പുകളിലും ആവശ്യത്തിന് മരുന്ന് സംഭരിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. മുന്‍പ് ഈ മരുന്ന് ഗവര്‍മെന്റ് ഓഫ് ഇന്ത്യ മെഡിസിന്‍ ആയിരുന്നു. ഇപ്പോള്‍ ഇത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ് അതുകൊണ്ട് മരുന്നിന്റെ ലഭ്യതയെക്കുറിച്ചു ആശങ്കപ്പെടേണ്ട അവസ്ഥയില്ല. ഇതിനു പുറമെ H1N1 സംബന്ധിച്ച ഏത് സംശയവും പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. 0471 2552056,ടോള്‍ ഫ്രീ നമ്പര്‍ 1056 എന്നിവയില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഓരോ ദിവസത്തെയും റിപ്പോര്‍ട്ടുകള്‍ കണ്ട്രോള്‍ റൂമില്‍ വിശകലനം ചെയ്യുന്നുണ്ട്” അമര്‍ ഫെറ്റില്‍ വിശദീകരിച്ചു.

H1N1 രോഗബാധ വര്‍ദ്ധിച്ചുവരുന്നതിനെ പ്രളയ സംബന്ധമായ ആരോഗ്യ പ്രശ്‌നമായി കണക്കാക്കേണ്ട കാര്യമില്ലെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ”ഈ വര്‍ഷം കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും H1N1 രോഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. കേരളത്തില്‍ വേണ്ട മുന്‍കരുതലുകളെല്ലാം ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല”.

 

 

എ എം

Share this news

Leave a Reply

%d bloggers like this: