മലയാളികളടക്കം പുതുതായി ഐറിഷ് പൗരത്വം നേടിയത് മൂവായിരത്തോളം പേര്‍

ഡബ്ലിന്‍: പുതുതായി ഐറിഷ് പൗരത്വം നേടിയവര്‍ക്കുള്ള സര്‍ക്കാരിന്റെ അനുമോദന യോഗം കില്‍കെന്നി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഇന്ത്യ ഉള്‍പ്പെടെ120 വിദേശ രാജ്യങ്ങളില്‍ നിന്നായി 3000ത്തോളം പേരാണ് ഐറിഷ് പൗരത്വത്തിന് അര്‍ഹത നേടിയത്. ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോനഹോ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രവാസികാര്യ മന്ത്രി ഡേവിഡ് സ്റ്റാന്റണ്‍ ഏവരെയും സ്വാഗതം ചെയ്തു. ചടങ്ങില്‍ ഐറിഷ് നാച്വറലൈസേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പുതുതായി പൗരത്വം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇത് രണ്ടാം തവണയാണ് ഡബ്ലിന് പുറത്ത് ഐറിഷ് പൗരത്വം നേടുന്നവര്‍ക്കുള്ള ഇത്രയും വലിയ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. കില്‍കെന്നിയിലെ ഗ്ലെന്‍ഈഗിള്‍സ് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഇത്തരം ചടങ്ങുകള്‍ക്കുള്ള പ്രധാന ഇടമായി തീര്‍ന്നിട്ടുണ്ട്.

ഐറിഷ് പൗരത്വം നേടിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോളണ്ടില്‍ നിന്നുള്ളവരാണ്. 586 പേരാണ് ഐറിഷ് പൗരന്മാരായത്. രണ്ടാം സ്ഥാനത്ത് യുകെയില്‍ നിന്നുള്ളവരാണ് (312). ഐറിഷ് പൗരത്വം നേടുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൂന്നാം സ്ഥാനത്ത് റൊമാനിയയില്‍ നിന്നുള്ളവരാണ് (280). നാലാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. 214 പേരാണ് പുതുതായി ഐറിഷ് പൗരന്മാരായിത്തീര്‍ന്നത്.

2011 മുതലാണ് പുതുതായി ഐറിഷ് പൗരത്വം നേടുന്നവരെ സര്‍ക്കാര്‍ ഔദ്യോഗികമായി ആദരിച്ചു തുടങ്ങിയത്. ഇതുവരെ നടന്ന ചടങ്ങുകളിലൂടെ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയത് 90,000 ത്തോളം പേരാണ്. 2018 അവസാനത്തോടെ ഇതുവരെ മൊത്തം 120,000 പൗരത്വ അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2011 മുതല്‍ 181 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അയര്‍ലണ്ടിന്റെ ഭാഗമായിട്ടുണ്ട്. ഇതില്‍ ചെറിയ കുട്ടികളും ഉള്‍പെടും. ഇപ്പോള്‍ ഐറിഷ് ജനസംഖ്യയുടെ നല്ലൊരു ശതമാനം പൌരത്വം നേടിയ കുടിയേറ്റക്കാരാണ്. ജന്മം കൊണ്ട് അയര്‍ലണ്ടുകാരായ ഐറിഷ് പൌരന്മാര്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും പൌരത്വം നേടിയവരും അനുഭവിക്കുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: