ജെറ്റ്എയര്‍വേയ്സ് ഒരു ദിവസം റദ്ദാക്കിയത് 14 വിമാനങ്ങള്‍ ഗള്‍ഫിലേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്താന്‍ ആലൊചന

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ജെറ്റ് എയര്‍വേയ്സ് ഞായറാഴ്ച്ച റദ്ദാക്കിയത് പതിന്നാലോളം വിമാനസര്‍വ്വീസുകള്‍. എന്നാല്‍, ശമ്പളം നല്കാത്തതിലുള്ള പ്രതിഷേധമാണ് പൈലറ്റുമാരുടെ ഈ അവധിയെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ജെറ്റ് എയര്‍വേയ്സ് നഷ്ടത്തിലായതോടെ പൈലറ്റുമാരുടെ ശമ്പളം ഓഗസ്റ്റ് മുതല്‍ കൃത്യമായി നല്കിയിരുന്നില്ല. സെപ്റ്റംബറില്‍ ശമ്പളക്കുടിശ്ശിക തീര്‍ത്തു നല്കിയെങ്കിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേത് നല്‍കുന്നതില്‍ വീണ്ടും തടസ്സം നേരിട്ടു. ഇതാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്നാണ് സൂചന.

ചില പൈലറ്റുമാര്‍ക്ക് സുഖമില്ലാതെ വന്നതോടെ 14 വിമാനങ്ങള്‍ റദ്ദ് ചെയ്യുകയായിരുന്നു. ശമ്പളം കൃത്യമായി നല്കാത്തതിലും നാഷണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് വേണ്ട രീതിയില്‍ പ്രശ്നത്തില്‍ ഇടപെടാത്തതിലുമുള്ള പ്രതിഷേധമാണ് ഈ അവധിയെടുക്കല്‍. പൈലറ്റുമാരുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാരുടെ സംഘടനയാണ് നാഷണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ്. ഈ രീതിയില്‍ ജോലി തുടരാന്‍ കഴിയില്ലെന്ന് ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയലിന് ചില പൈലറ്റുമാര്‍ കത്തെഴുതിയതായും വിവരമുണ്ട്. എന്നാല്‍, പ്രതിഷേധമല്ല അവധിക്കും വിമാനം റദ്ദ് ചെയ്യലിനും കാരണമെന്ന നിലപാടിലാണ് ജെറ്റ് എയര്‍വെയ്സ്. വിമാനങ്ങള്‍ റദ്ദ് ചെയ്ത വിവരം എസ്എംഎസ് സംവിധാനം വഴി യാത്രക്കാരെ അറിയിക്കുകയായിരുന്നു.

അതേസമയം കനത്ത നഷ്ടം നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതായും സൂചനയുണ്ട്. ഇന്ത്യയില്‍ നിന്ന് ഏഴ് ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള സര്‍വ്വീസുകളില്‍ കാര്യമായ കുറവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം. കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളില്‍ കനത്ത നഷ്ടം രേഖപ്പെടുത്തിയ കമ്പനി നിലനില്‍പ്പിനായുള്ള കടുത്ത നടപടികളിലേക്കാണ് കടക്കുന്നത്.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ദോഹ, മസ്‌കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള 39 സര്‍വ്വീസുകളാണ് ഡിസംബര്‍ അഞ്ചുമുതല്‍ ജെറ്റ് എയര്‍വേയ്‌സ് അവസാനിപ്പിക്കുന്നത്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തും. ഒരുകാലത്ത് കമ്പനിയുടെ ഏറ്റവും ലാഭകരമായ വിപണിയായിരുന്ന ഗള്‍ഫ് സെക്ടറില്‍ കടുത്ത മത്സരവും യാത്രക്കാരുടെ കുറവും അതിജീവിക്കാനാവാതെ വന്നതോടെയാണ് പിന്മാറ്റം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: