ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണി കീഴടക്കാന്‍ യൂബര്‍ ഈറ്റ്‌സ് അയര്‍ലണ്ടില്‍; കമ്മീഷന്‍ നിരക്ക് ഉയര്‍ത്തി ഡെലിവെറൂ

ഡബ്ലിന്‍: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ യൂബര്‍ ഈറ്റ്‌സ് അയര്‍ലന്റിലേക്കെത്തിയതോടെ ഈ രംഗത്തെ മത്സരം മുറുകി. നിലവില്‍ ലണ്ടന്‍ കമ്പനിയായ ഡെലിവെറൂ ആണ് ഇവിടുത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയെ അടക്കിവാഴുന്നത്. എന്നാല്‍ കഴിഞ്ഞ മാസം മുതലാണ് ലോകത്ത് ഏറ്റവും വേഗതയില്‍ വളരുന്ന യൂബര്‍ ഈറ്റ്‌സ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ പ്രധാന നഗരങ്ങളായ ഡബ്ലിന്‍, കോര്‍ക്ക്, ലിമെറിക്ക്, ഗാല്‍വേ എന്നിവിടങ്ങളില്‍ ഇതിന്റെ സേവനം ലഭ്യമാകും. തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളില്‍ നിന്നുള്ള വ്യത്യസ്ത ഭക്ഷണം യൂബര്‍ കൊറിയര്‍ പാര്‍ട്നര്‍മാര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഹോട്ട് കെയ്സുകളില്‍ ഭക്ഷണമെത്തിക്കുന്നതിനാല്‍ ചൂടോടെ തന്നെ വിഭവങ്ങള്‍ ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

അതേസമയം തങ്ങളുടെ മുഖ്യഎതിരാളികളായ യൂബര്‍ ഈറ്റ്‌സ് ഉപയോഗിക്കുന്നതിനെതിരെ ഡെലിവെറൂ ആപ്പ് റെസ്റ്റോറന്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യൂബര്‍ ഈറ്റ്‌സ് ഉപയോഗിക്കുന്നത് തടഞ്ഞില്ലെങ്കില്‍ റെസ്റ്റോറന്റുകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഡെലിവെറൂ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റെസ്റ്റോറന്റുകളില്‍ നിന്ന് 30 ശതമാനം വരെയാണ് ഓണ്‍ലൈന്‍ ആപ്പുകള്‍ കമ്മീഷന്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ യൂബര്‍ ഈറ്റ്‌സുമായി സഹകരിച്ച ഡബ്ലിന്‍ സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഒരു റെസ്റ്റോറന്റിന് ഡെലിവെറൂ തങ്ങള്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ നിരക്ക് മുപ്പതില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്തിയിരുന്നു.

കമ്പനിയുടെ വിശ്വാസ്യതയും വിപുലമായ ഡെലിവറി നെറ്റ്വര്‍ക്കുമാണ് ഡെലിവെറൂവിന് അയര്‍ലന്റിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ ശക്തി പകരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 5.1 മില്യണ്‍ യൂറോയുടെ ബിസിനസാണ് ഡെലിവെറൂവിന് അയര്‍ലണ്ടില്‍ ഉണ്ടായത്. യൂറോപ്പിലെ പ്രധാന നഗരങ്ങളില്‍ സാന്നിധ്യമുള്ള ഫുഡ് ഡെലിവറി സംരംഭമാണ് ഡെലിവെറൂ. നാല് വന്‍കരകളിലായി 200ലധികം നഗരങ്ങളില്‍ ശക്തമായ ശൃംഖലകള്‍ ഈ ലണ്ടന്‍ കമ്പനിക്കുണ്ട്.

യൂറോപ്പിലെ ഭക്ഷ്യവിതരണ ബിസിനസില്‍ മേല്‍ക്കൈ നേടാനാണ് യുബര്‍ സുപ്രധാന നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കമ്പനി അയര്‍ലന്റിലേക്കെത്തിയത്. ഡെലിവെറൂവിനേക്കാള്‍ മികച്ച ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ കൈയിലെടുക്കാനാണ് യൂബര്‍ ഈറ്റ്‌സിന്റെ തീരുമാനം. അതിനായി ഹോട്ടല്‍ മെനുവിനേക്കാളും വന്‍വിലക്കുറവിലാണ് ഓണ്‍ലൈന്‍ ആപ്പുകളില്‍ ഭക്ഷണവില.

 

 

എ എം

Share this news

Leave a Reply

%d bloggers like this: