ഗ്വാളിയോര്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം : ഗ്വാളിയോര്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് (63) വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബിഷപ്പ് സച്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഉടന്‍തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രഥമിക ശുശ്രുക്ഷ നടത്തിയതിനു ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലക്ക് ഗുരുതരമായ പരിക്കേറ്റാണ് പിതാവ് മരണമടഞ്ഞത്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ ഇടവകാംഗവുമാണ്

ഫാ. തോമസ് തെന്നാട്ട് എസ്.എ.സിയെ 2016 ഒക്ടോബര്‍ 18 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. 1953ല്‍ കൂടല്ലുര്‍ ഇടവകയില്‍ തെന്നാട്ട് കുരുവിള- അന്നമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. 1969 ല്‍ പള്ളോട്ടൈന്‍ സന്യസസഭയില്‍ ചേര്‍ന്നു.1978 ഒക്ടോബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു.1978-1980വരെ അമരാവതി രൂപതയില്‍ ചാപ്‌ളയ്‌നായും 1980-1981 വരെ എലൂര്‍ രൂപതയില്‍ ചാപ്‌ളയ്‌നായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തിയോളജിയില്‍ പൂനൈ സെമിനാരിയില്‍ നിന്ന് ലൈസന്‍ഷിയേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്‌ഫോര്‍ട്ട് സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍ പള്ളി വികാരി, 1987-1991 വരെ യങ്ങ് കാത്തലിക് സ്റ്റുഡന്റ് മൂവ്‌മെന്റ് (വൈ.സി.എം/ വൈ.സി.എസ്)ഡയറക്ടര്‍ , ഹൈദരബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കുമായുള്ള കമ്മീഷന്‍ , മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലും ദളിത് ക്രൈസ്തവര്‍ക്കുവേണ്ടിയുള്ള കമ്മീഷന്റെ ഡയറക്ടര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2002-2008 വരെ റീജണല്‍ ഫോര്‍മേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ , 2008-2012 വരെ ജാബുവാ രൂപതയിലെ ഇഷ്ഗാര്‍ പള്ളി വികാരി എന്നി നിലകളിലും സേവനം ചെയ്തിട്ടുണ്ട്. പള്ളോട്ടൈന്‍ കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലറായും സെമിനാരി റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഫ്രന്‍സ് ഓഫ് റിലീജീസ് ഇന്ത്യ(സി.ആര്‍. ഐ) യുടെ മുന്‍ പ്രസിഡന്റ് മായിരുന്നു. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.

Share this news

Leave a Reply

%d bloggers like this: