ഡെയ്ര്‍ഡ്രി കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; രാജ്യവ്യാപകമായി ഓറഞ്ച് അലേര്‍ട്ട്

ഡബ്ലിന്‍: ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ദെയ്ര്‍ഡ്രി കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ശക്തമായ കാറ്റും, കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ മഴമുന്നറിപ്പുകള്‍ക്ക് പുറമെ ഓറഞ്ച് വിന്‍ഡ് വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അറ്റ്‌ലാന്റ്റിക്കില്‍ രൂപമെടുത്ത ന്യുനമര്‍ദം കൊടുകാറ്റായി രൂപംമാറി അയര്‍ലണ്ടിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലൂടെ കടന്നുപോകുമെന്നാണ് കരുതുന്നത്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട കാറ്റിന് അയര്‍ലണ്ടിലെത്തുമ്പോള്‍ മണിക്കൂറില്‍ 130 കി. മീ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വാഹനമോടിക്കുന്നവരും, കാല്‍നടക്കാരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ശനിയാഴ്ച രാത്രി വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തെമ്പാടും കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പലഭാഗത്തും താപനില പൂജ്യത്തിന് താഴെയാണ്.

പകല്‍ താപനില 7 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാണെങ്കിലും രാത്രിയില്‍ രണ്ട് ഡ്രിഗ്രി സെല്‍ഷ്യസ് വരെയാണ് നിലവില്‍ അയര്‍ലന്റിലെ തണുപ്പ്. മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍ ഹെല്‍ത്ത്- ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുമുള്ള ശൈത്യപ്രവാഹത്തെ തുടര്‍ന്ന് അയര്‍ലണ്ട് അടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കുകയാണ്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: