ബ്രക്സിറ്റിന് ഇനി 100 നാള്‍ മാത്രം; നോ ഡീല്‍’ ബ്രെക്‌സിറ്റിന് ബ്രിട്ടന്‍ ഒരുക്കം തുടങ്ങി; അയര്‍ലണ്ടിനെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കും

ലണ്ടന്‍ : ബ്രെക്‌സിറ്റ് കരട് കരാര്‍ പാര്‍ലമെന്റില്‍ പാസാക്കാനായ വോട്ടെടുപ്പിനുള്ള അന്തിമ തീയതി പ്രഖ്യാപിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. അടുത്ത വര്‍ഷം ജനുവരി 14ന് വോട്ടെടുപ്പ് നടക്കും. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കടുത്ത വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് നേരത്തെ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം പ്രധാനമന്ത്രി തെരേസ മേ കൊണ്ടുവന്ന കരാര്‍ തള്ളപ്പെടുമെന്ന് ഉറപ്പായതോടെ കരാറില്ലാതെ യൂണിയന്‍ വിടുന്നതിന് മന്ത്രിസഭ പച്ചക്കൊടി കാണിച്ചു.

ബ്രസല്‍സില്‍ നിന്നും വെറും കൈയോടെ മടങ്ങേണ്ടിവന്നതും കരാറിനെതിരെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ രംഗത്തുവരികയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുകയും ചെയ്തതിനു പിന്നാലെയാണ് തെരേസ മന്ത്രിസഭയുടെ പുതിയ നീക്കം. കരാറിനോട് എംപിമാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ്, ധാരണകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ധാരണകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ അയര്‍ലന്‍ഡ് ഉള്‍പ്പെടെ യൂണിയനിലെ ഓരോ അംഗരാജ്യവുമായും പ്രത്യേകം കരാറുകളുണ്ടാക്കേണ്ട ഗതികേടിലാകും ബ്രിട്ടീഷ് സര്‍ക്കാര്‍. വാണിജ്യ വ്യാവസായിക രംഗത്തും വലിയ തിരിച്ചടികള്‍ ഉണ്ടാകും. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിനായി 3500 സൈനികരെയാണ് സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്.

കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന നോ ഡീല്‍ ബ്രെക്സിറ്റിനായി അയര്‍ലണ്ട് ഒരുങ്ങിക്കഴിഞ്ഞുവെന്ന് ഐറിഷ് പ്രധാനമന്ത്രി വരേദ്കര്‍ വ്യക്തമാക്കി. നോ-ഡീല്‍ ബ്രെക്സിറ്റ് ഉണ്ടായാല്‍ അയര്‍ലണ്ടിനും, മറ്റ് ഇയു രാജ്യങ്ങള്‍ക്കും യുകെയ്ക്കും കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പിലായാല്‍ പൗരന്‍മാര്‍ക്ക് കടുത്ത യാത്രാ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് വിദഗ്ദര്‍ നേരെത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ സാമ്പത്തിക വ്യാപാര മേഖലകളിലും കടുത്ത ആഘാതം സൃഷ്ടിക്കും.

ബ്രക്സിറ്റ് ഡീലിന്റെ പേരിലുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഹിതപരിശോധന വേണമെന്ന പ്രതിപക്ഷത്തിന്റെയും സ്വന്തം എംപിമാരുടെയും ആവശ്യങ്ങള്‍ പ്രധാനമന്ത്രി തെരേസ മേ തള്ളിയിരുന്നു . ഇനിയൊരു ഹിതപരിശോധന ദുരന്തമാണെന്നും രാജ്യത്തിന് അത് താങ്ങാനാവില്ലെന്നും തെരേസ മേ ചൂണ്ടികാട്ടുന്നു.

ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ഇനി കൃത്യം 100 ദിവസങ്ങള്‍ മാത്രമാണു ബാക്കി. ജനുവരി 14ന് കരട് ഉടമ്പടി പാര്‍ലമെന്റ് തള്ളിയാല്‍ പിന്നെ മറ്റൊരു ചര്‍ച്ചയ്‌ക്കോ ഉടമ്പടിക്കോ സമയമില്ല. ഈ സാഹചര്യത്തിലാണ് നോ ഡീല്‍ ബ്രെക്‌സിറ്റിനായി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Share this news

Leave a Reply

%d bloggers like this: