ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ദിനം; സെന്റ് സ്റ്റീഫന്‍സ് ഡേ സെയില്‍ വില്പന പൊടിപൊടിക്കും; സ്റ്റോറുകളില്‍ വില്പന പകുതി വിലയ്ക്ക്

ഡബ്ലിന്‍: ഇന്ന് സെന്റ് സ്റ്റീഫന്‍സ് ഡേ, അയര്‍ലണ്ടിലെ വില്പ്പന ശാലകളിലെ ഏറ്റവും വലിയ സെയില്‍ നടക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ബ്ളാക്ക് ഫ്രൈഡേയടക്കമുള്ള പുതിയ ആദായ ഷോപ്പിങ് ദിനങ്ങള്‍ ഓര്‍ത്തിരുന്നില്ലെങ്കിലും, പാരമ്പര്യമായി ഐറിഷ്‌കാര്‍ സെന്റ് സ്റ്റീഫന്‍സ് ദിനത്തില്‍ വന്‍ ഷോപ്പിങ്ങാണ് നടത്തുക. പുലര്‍ച്ചെ നാലുമണിയ്ക്ക് മുന്‍പേ തന്നെ പ്രധാന ഷോപ്പുകള്‍ക്ക് മുന്‍പില്‍ ക്യൂ രൂപപ്പെട്ടു തുടങ്ങി. ആദ്യം തന്നെ കടകളില്‍ കയറി ഇഷ്ട്ടവസ്തുക്കള്‍ കൈക്കലാക്കാനുള്ള തിരക്കാണ് എങ്ങും. ചില കടകളില്‍ 75 %വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡബ്ലിനിലാണ് വ്യാപാര രംഗം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. ഡബ്ലിനിലെ ഗ്രാഫ്റ്റണ്‍ തെരുവിലെ ബ്രൗണ്‍ തോമസിനു പുറത്ത് രാവിലെ ആറുമണിക്കേ ക്യൂ ആരംഭിച്ചുകഴിഞ്ഞിരുന്നു. സ്റ്റോര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തുറന്നതെങ്കിലും വിലപേശലുകാര്‍ സെന്റ് സ്റ്റീഫന് ദിനത്തിലെ ആദ്യ വില്പന പിടിച്ചെടുക്കാന്‍ സ്റ്റോറിനുമുന്നില്‍ ക്യൂവിലായിരുന്നു. ഒന്‍പത് മണിക്കാണ് സ്റ്റോര്‍ തുറക്കുന്നത്.

വിലക്കിഴിവ് ഉള്‍പ്പെടെയുള്ള വന്‍ വാഗ്ദാനങ്ങളുമായാണ് ഷോപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കുട്ടികളുടെ റെഡിമേഡ് തുണിത്തരങ്ങള്‍,മെന്‍സ് വെയര്‍,വിമന്‍സ് വെയര്‍ എന്നിവയുള്ള കടകള്‍,ഫര്‍ണിച്ചര്‍ കടകള്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ വില്ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ എല്ലാം വന്‍ വിലക്കുറവ് ലഭ്യമാണ്. ഇന്ന് ആരംഭിക്കുന്ന സെയില്‍ ഈയാഴ്ച മുഴുവനും ലഭ്യമാകുമെന്നാണ് മിക്ക പ്രമുഖ ഷോപ്പുകളും വെളിപ്പെടുത്തുന്നത്.

2018 അവസാനിക്കുന്നതിന്റെ ഭാഗമായി നിരവധി റീട്ടെയ്ല്‍ സ്റ്റോറുകള്‍ മികച്ച ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. വിലക്കുറവില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്താം.

ഡിബന്‍ഹാംസ് (Debenhams)
ഡിബന്‍ഹാംസിന്റെ ഡബ്ലിന്‍, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ട്രാലീ, ലിമെറിക്ക്, ന്യൂബ്രിഡ്ജ്, ഗാല്‍വേ എന്നിവിടങ്ങളിലെ സ്റ്റോറുകളില്‍ മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങള്‍, ഷൂസ് എന്നിവയടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50% ഡിസ്‌കൗണ്ടാണ് ഈ ഓണ്‍ലൈന്‍ സ്റ്റോര്‍ നല്‍കുന്നത്. 50 യൂറോയ്ക്ക് മുകളില്‍ പര്‍ച്ചേയ്‌സ് ചെയ്യുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം ഫ്രീ ഡെലിവറിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ആര്‍ഗോസ് (Argos)
ഇന്നലെ അര്‍ധരാത്രി മുതല്‍ മികച്ച ഓഫറുകളില്‍ വില്പന ആരംഭിച്ചു കഴിഞ്ഞു. ബ്ലാക്ക് ഫ്രൈഡേയ്ക്ക് ശേഷം ഗൃഹോപകരണങ്ങള്‍ക്ക് മികച്ച ഓഫറുമായാണ് ആര്‍ഗോസ് എത്തുന്നത്. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയവയ്ക്ക് വമ്പിച്ച വിലക്കുറവാണ് ആര്‍ഗോസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോണ്‍ (Amazon)
ക്രിസ്മസിനും ഡിസംബര്‍ 31നുമിടയ്ക്ക് ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കുന്നത് പതിവാണ്. ഗെയിമുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍ എന്നിവയ്ക്കാണ് പ്രധാനമായും വില കുറയുക.

അര്‍നോട്ട്‌സ് (Arnotts)
എല്ലാ തവണയും പോലെ സെന്റ് സ്റ്റീഫന്‍സ് ഡേയുടെ രാവിലെ 9 മണിമുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവാണ് അര്‍നോട്ട്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്രങ്ങളും മറ്റ് ഫാഷന്‍ ഉല്‍പ്പന്നങ്ങളും ഹെന്റി സ്ട്രീറ്റിലുള്ള ഈ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങാം.

ASOS
70% ഡിസ്‌കൗണ്ടാണ് ഈ ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോര്‍ വിന്റര്‍ സീസണില്‍ നല്‍കുന്നത്.

ബോഡന്‍ (Boden)
50% വരെ വിലക്കുറവാണ് ഓണ്‍ലൈന്‍ വസ്ത്രവ്യാപാരികളായ ബോഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കറിസ് (Currys)
ഇല്‌ക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 10-15% വരെ ഡിസ്‌കൗണ്ടുകള്‍ ഈ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭിക്കും. ചെക്കൗട്ട് ചെയ്യുമ്പോള്‍ XMASDEAL എന്ന കോഡ് എന്റര്‍ ചെയ്യുകയാണെങ്കില്‍ അമേരിക്കന്‍ സ്‌റ്റൈല്‍ റഫ്രിജറേറ്ററിന് 500 യൂറോയും, സാംസങ് സ്മാര്‍ട്ട് 4K അള്‍ട്രാ എച്ച്ഡി ടിവിക്ക് 750 യൂറോയും ലാഭിക്കാം.

മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ (Marks and Spencer)
ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറായ മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ സെന്റ് സ്റ്റീഫന്‍സ് ഡേയില്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സെയിലിനാണ് പ്രാധാന്യം. 50 ശതമാനം മിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രൗണ്‍ തോമസ്
രാവിലെ 9 മണിമുതല്‍ വില്പന ആരംഭിക്കും. മുന്‍വര്‍ഷങ്ങളില്‍ ആളുകളുടെ വന്‍ തിരക്ക് ഇവിടെ അനുഭവപ്പെട്ടിരുന്നു. ഇത്തവണയും മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: