ഏറ്റവും ശക്തിയേറിയ ബോംബ് വികസിപ്പിച്ച് ചൈന

ബെയ്ജിങ്: ഏറ്റവും ശക്തിയേറിയ ബോംബ് വികസിപ്പിച്ചുവെന്നവകാശപ്പെട്ട് ചൈന. യു.എസിന്റെ ഏറ്റവുംവലിയ ആണവേതര ബോംബിന് മറുപടിയായാണ് ചൈനയുടെ നീക്കം. ‘എല്ലാ ബോംബുകളുടെയും അമ്മ’ എന്നറിയപ്പെടുന്ന ജി.ബി.യു-43/ബി മാസിവ് ഓര്‍ഡിനന്‍സ് എയര്‍ ബ്ലാസ്റ്റ് എന്ന ആണവേതര ബോംബ് 2017-ലാണ് യു.എസ്. അഫ്ഗാനിസ്താനിലെ ഐ.എസ്. കേന്ദ്രങ്ങളില്‍ പ്രയോഗിച്ചത്.

ബോംബ് പരീക്ഷണദൃശ്യങ്ങള്‍ ചൈനയിലെ പ്രമുഖ ആയുധ നിര്‍മാണക്കന്പനിയായ ‘നോറിന്‍കോ’ പുറത്തുവിട്ടതായി ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് പറഞ്ഞു. എച്ച്-6 കെ ബോംബര്‍ വിമാനത്തില്‍നിന്ന് ബോംബ് പരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇവ. അഞ്ചുമുതല്‍ ആറുമീറ്റര്‍വരെ നീളമുള്ളതാണ് ബോംബ്. ലക്ഷ്യസ്ഥാനം പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇതിനുകഴിയുമെന്ന് ചൈനീസ് സൈനികനിരീക്ഷകന്‍ വൈ ഡോങ്ഷു പറഞ്ഞു.

ആദ്യമായാണ് ചൈന തങ്ങള്‍ നിര്‍മിക്കുന്ന പുതിയ ബോംബിന്റെ പരീക്ഷണദൃശ്യങ്ങള്‍ പരസ്യമാക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടുചെയ്തു. എല്ലാ ബോംബുകളുടെയും അമ്മയെന്നുതന്നെയാണ് ചൈനയും തങ്ങളുടെ ബോംബിനെ വിശേഷിപ്പിച്ചത്. എന്നാല്‍, യു.എസിന്റേതിനെക്കാള്‍ ചെറുതും ശക്തികുറഞ്ഞതുമാണ് ചൈനീസ് ബോംബെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ എല്ലാ ബോംബുകളുടെയും അച്ഛനെന്ന് വിശേഷിപ്പിച്ച ബോംബ് പരീക്ഷണം റഷ്യയും നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: