ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ പുതിയ ഗാര്‍ഡ യൂണിറ്റുകള്‍ രൂപികരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളില്‍ പ്രത്യേക അന്വേഷണം നടത്തുന്നതിനായി ആറ് പുതിയ ഗാര്‍ഡ യൂണിറ്റുകള്‍ രൂപീകരിച്ചു. ലൈംഗിക പീഡനങ്ങള്‍, കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍, ഗാര്‍ഹിക പീഢനങ്ങള്‍ തുടങ്ങിയ കേസുകളില്‍ ഈ യുണിറ്റ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പല ഗൗരവമുള്ള കേസുകളും ഗാര്‍ഡ ഡിപ്പാര്‍ട്ട്‌മെന്റ് ചെറിയ കേസായി ഒതുക്കി തീര്‍ക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ചില കുറ്റകൃത്യങ്ങല്‍ ആദ്യം ഗുരുതര കുറ്റങ്ങളില്‍ ഉള്‍പ്പെടുത്തിയാലും പിന്നീട് നിസ്സാര കേസുകളുടെ പട്ടികയിലേക്ക് എഴുതി തള്ളുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം കേസുകളില്‍ പ്രത്യേക വിഭാഗത്തിന് അന്വേഷണം കൈമാറണമെന്ന് ആവശ്യമുയരുന്നത്.

ഇതിന്റെ ഭാഗമായി ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ റീജിയന്‍ സൗത്ത് സെന്‍ട്രല്‍, കെറി, കില്‍കെന്നി, ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക് എന്നിവിടങ്ങളില്‍ ഗാര്‍ഡ പ്രൊട്ടക്റ്റീവ് സര്‍വീസസ് യൂണിറ്റ് വ്യാപിപ്പിച്ചു. ഇതോടെ നിലവില്‍ 9 ഗാര്‍ഡ ഡിവിഷനുകളിലായി 10 ഡിവിഷന്‍ പ്രൊട്ടക്റ്റീവ് സര്‍വീസസ് യൂണിറ്റുകള്‍ (DPSU) പ്രവര്‍ത്തിക്കുന്നുണ്ട്. 2019 ല്‍ ബാക്കിയുള്ള 19 ഗാര്‍ഡ ഡിവിഷനുകളിലും DPS യൂണിറ്റുകള്‍ തുടങ്ങുമെന്ന് ഡിറ്റക്റ്റീവ് ചീഫ് സുപ്രണ്ട് ഡിക്ലാന്‍ ഡാലി അറിയിച്ചു. ഇവര്‍ക്കുള്ള ട്രെയിനിങ്ങും ഗാര്‍ഡ ട്രെയിനിങ് കോളേജില്‍ ആരംഭിച്ചു കഴിഞ്ഞു.

സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഠന സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീ നിരന്തരം ഇരയാക്കപ്പെടുന്ന കാഴ്ച ഇന്ന് നിത്യസംഭവമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള കാര്യക്ഷമമായ നടപടിക്രമങ്ങള്‍ ഇനിയും കുറ്റമറ്റ രീതിയിലായിട്ടില്ല. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക, ശാരീരിക പീഢനങ്ങള്‍, ഗാര്‍ഹിക പീഡനം, മനുഷ്യ കടത്ത് തുടങ്ങിവയ്‌ക്കെതിരെ അടിയന്തിര നടപടി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് അയര്‍ലണ്ടിലെ സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ പുതിയ ഗാര്‍ഡ യൂണിറ്റുകള്‍ തയ്യാറെടുക്കുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: