ബ്രെക്‌സിറ്റിന്റെ ഭാവി?? അയര്‍ലണ്ടിന്റേയും…

2019 മാര്‍ച്ച് 29-ന് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടന്‍. പക്ഷേ, ആ വേര്‍പിരിയല്‍ മുമ്പെങ്ങുമില്ലാത്തവിധം വിവാദവും വിഭാഗീയതയും ആശയക്കുഴപ്പവും നിറഞ്ഞതായിരിക്കുന്നു ഇപ്പോള്‍. അതിന്റെ ഒടുവിലത്തെ പ്രകടനമായിരുന്നു ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരെ എംപിമാര്‍ വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളും ഈ കരാര്‍ അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ ഈ കരാറിനെ അവഗണിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ യുകെയില്‍ ഏറെ നാളുകളായി വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഉടമ്പടിയൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാടുള്ള ‘ദൃഢ ബ്രെക്‌സിറ്റ്’ അഭിപ്രായക്കാരെയും, ഉടമ്പടികളോടെ വേണം യൂറോപ്യന്‍ യൂണിയന്‍ വിടാനെന്ന ‘മൃദു ബ്രെക്‌സിറ്റ്’ അഭിപ്രായക്കാരെയും കൂടാതെ ഏതു തരം ഉടമ്പടിയാണ് വേണ്ടതെന്നതില്‍ അഭിപ്രായവ്യത്യാസമുള്ളവരും ചേര്‍ന്ന് ബഹളം നിറഞ്ഞ ഒരു രാഷ്ട്രീയാന്തരീക്ഷമാണ് യുകെയില്‍ നിലനില്‍ക്കുന്നത്.

ബ്രെക്സിറ്റ് വിരുദ്ധയായിരുന്നെങ്കിലും പ്രധാനമന്ത്രിയായശേഷം വിട്ടുവീഴ്ചയില്ലാത്ത ബ്രെക്സിറ്റ് (ഹാര്‍ഡ് ബ്രെക്സിറ്റ്) ആയിരുന്നു തെരേസ മേയ് ബ്രിട്ടനു നല്‍കിയ വാഗ്ദാനം. യൂറോപ്യന്‍ യൂണിയനുമായുള്ള എല്ലാ വ്യാപാരബന്ധവും മുറിക്കുന്ന, രാജ്യാതിര്‍ത്തികളുടെ നിയന്ത്രണം പൂര്‍ണമായും ബ്രിട്ടന്‍ ഏറ്റെടുക്കുന്ന, യൂണിയന്റെ നികുതിസമ്പ്രദായം ഉപേക്ഷിക്കുന്ന ബ്രെക്സിറ്റ്. എന്നാല്‍, കരടുകരാറില്‍ നിലപാടാകെ മാറി. പല കാര്യങ്ങളിലും അവര്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. ഉത്തര അയര്‍ലന്‍ഡ് അതിര്‍ത്തിയുടെ കാര്യത്തിലുള്ള വിട്ടുവീഴ്ചയാണ് ഇതില്‍ ഏറെ വിവാദമായതും മന്ത്രിസഭാംഗങ്ങളില്‍ പലരുടെയും രാജിക്ക് ഇടയാക്കിയതും

ഇതിനിടെ ഒരു അവിശ്വാസ വോട്ടെടുപ്പ് വരികയും പ്രധാനമന്ത്രി തെരേസ മേ അതിനെ മറികടക്കുകയും ചെയ്തു. ഇതിനും ശേഷമാണ് കഴിഞ്ഞദിവസം മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരെ എംപിമാര്‍ വോട്ട് ചെയ്തത്. 432 അംഗങ്ങളില്‍ 230 പേര്‍ മേയുടെ ഉടമ്പടിക്കെതിരെ വോട്ട് ചെയ്തു. മേയുടെ കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ വോട്ടും ഇതില്‍ നിര്‍ണായകമായി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ യുകെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ നടപ്പ് സര്‍ക്കാരുകള്‍ക്കേറ്റ് തിരിച്ചടികളില്‍ ഏറ്റവും വലുതാണ് മേ നേരിടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാരണത്താല്‍ തന്നെ മേ വീണ്ടുമൊരു അവിശ്വാസ പ്രമേയത്തെ നേരിടാനൊരുങ്ങുകയാണ്.

ഇന്നാണ് അവിശ്വാസ പ്രമേയം സംബന്ധിച്ചുള്ള ചര്‍ച്ച നടക്കുക. അവിശ്വാസ പ്രമേയം പാസ്സാകുകയാണെങ്കില്‍ സര്‍ക്കാര്‍ താഴെയിറങ്ങേണ്ടി വരും. പൊതുതെരഞ്ഞെടുപ്പ് ആവശ്യമായി വരും. ഇനി അവിശ്വാസ പ്രമേയം പാസ്സായില്ലെങ്കില്‍ക്കൂടിയും തെരേസ മേ നേരിടാന്‍ പോകുന്നത് അങ്ങേയറ്റം പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥയെയാണ്. മേയുടെ ബ്രെക്‌സിറ്റ് നിലപാടുകള്‍ ഏറെ നിര്‍ണായകമായിരിക്കും.

ലേബര്‍ പാര്‍ട്ടിയോ ഏതെങ്കിലും ചെറുകക്ഷികളോ അവിശ്വാസ പ്രമേയം കൊണ്ടുവരികയാണെങ്കില്‍ താന്‍ അതിന് സമയമനുവദിക്കുമെന്ന് മേ പറയുകയുണ്ടായി. തന്റെ ഡീലിനെ പാര്‍ലമെന്റ് പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമായെങ്കിലും എന്തിനെയാണ് പിന്തുണയ്ക്കുന്നതെന്ന് വ്യക്തമല്ലെന്ന് മേ പറഞ്ഞു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ലേബര്‍ നേതാവ് ജെരെമി കോര്‍ബിന്‍ അവിശ്വാസ പ്രമേയം മേശപ്പുറത്തു വെച്ചിട്ടുണ്ട്.

2011ല്‍ നടപ്പിലായ ഫിക്‌സഡ് ടേം പാര്‍ലമെന്റ്‌സ് നിയമപ്രകാരം പ്രധാനമന്ത്രിക്ക് ആവശ്യമെന്ന് തോന്നുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള അവസരം ഇല്ലാതായിട്ടുണ്ട്. രണ്ട് ഘട്ടത്തില്‍ മാത്രമാണ് പ്രധാനമന്ത്രിക്ക് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാവുക. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് എംപിമാരുടെയെങ്കിലും പിന്തുണയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിലേക്ക് പോകാനാകും. 2017ല്‍ ഇത്തരത്തില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതല്ലെങ്കില്‍ അവിശ്വാസ പ്രമേയമാണ് വഴി. നിലവിലെ സര്‍ക്കാരില്‍ സഭയ്ക്ക് വിശ്വാസമില്ല എന്ന് കൃത്യമായി പറയുന്ന പ്രമേയമാണ് പാസ്സാക്കേണ്ടത്.

അവിശ്വാസ പ്രമേയം ലേബര്‍ പാര്‍ട്ടി വിജയിച്ചാലും ഉടനെ ഒരു തെരഞ്ഞെടുപ്പിലേക്ക് പോകാനാകില്ല. 14 ദിവസം കണ്‍സര്‍വ്വേറ്റീവ് കക്ഷിക്ക് സമയമുണ്ട്. ഇതിനിടയില്‍ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്താവുന്നതാണ്. ഇതും നടന്നില്ലെങ്കില്‍ പാര്‍ലമെന്റ് പിരിച്ചുവിടപ്പെടും. തെരഞ്ഞെടുപ്പ് നടത്തുന്നത് 25 ദിവസത്തിനു ശേഷം എപ്പോഴുമാകാം. ഈ കാലയളവിനിടയിലും മറ്റൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ട്. സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനും ലേബര്‍ പാര്‍ട്ടിക്ക് ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും അവസരമുണ്ട്.

കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ മേയുടെ ഉടമ്പടിക്ക് എതിരാണെങ്കിലും ഇതിനിടെ ഒരു തെരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ ലേബര്‍ പാര്‍ട്ടിക്ക് ഒരവസരമുണ്ടാക്കിക്കൊടുക്കാന്‍ കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഏതായാലും തയ്യാറാകില്ല. മേയുടെ ബ്രെക്‌സിറ്റി കരാറിനെതിരെ വോട്ട് ചെയ്ത അയര്‍ലാന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി പക്ഷെ, അവിശ്വാസം വരികയാണെങ്കില്‍ മേയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് എംപിമാരുമായും മറ്റു പാര്‍ട്ടികളിലെ ജനങ്ങളുമായും താന്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്ന് തെരേസ മേ പ്രഖ്യാപിച്ചിട്ടുണ്ട്. സഭയില്‍ പിന്തുണ ലഭിക്കാനിടയുള്ള ഒരു ഉടമ്പടിയിലേക്ക് നീങ്ങാനാണ് മേ ശ്രമിക്കുക.

ബ്രെക്സിറ്റ് കരാര്‍ ചര്‍ച്ചകളിലെ കീറാമുട്ടികളിലൊന്ന് ഉത്തര അയര്‍ലന്‍ഡായിരുന്നു. ബ്രെക്സിറ്റ് നടപ്പായിക്കഴിഞ്ഞാലും ബ്രിട്ടന്റെ ഭാഗമായ ഉത്തര അയര്‍ലന്‍ഡിന്റെയും സ്വതന്ത്രരാജ്യമായ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിന്റെയും അതിര്‍ത്തി ഇപ്പോഴത്തേതുപോലെ ചെക്‌പോസ്റ്റുകളില്ലാതെ തുടരണം. ഉത്തര അയര്‍ലന്‍ഡില്‍നിന്നുള്ള ചരക്കുകള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിന്റെ അതിര്‍ത്തിയില്‍ പരിശോധിക്കാന്‍ പാടില്ല. ഉത്തര അയര്‍ലന്‍ഡിലെ 40 വര്‍ഷം നീണ്ട വിഘടനവാദപ്പോരാട്ടങ്ങളുടെ ചോരപുരണ്ട ചരിത്രം ഓര്‍മയുള്ളതുകൊണ്ടാണ് മേയ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. യൂറോപ്യന്‍ യൂണിയന്‍ അത് അംഗീകരിച്ചു. പക്ഷേ, യൂറോപ്യന്‍ യൂണിയനെന്ന ഏകവിപണിയില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍നിന്നും വിട്ടുപോവുക എന്ന ബ്രിട്ടന്റെ ആഗ്രഹത്തിന് ഇതു തടസ്സമായി. അങ്ങനെയാണ് തടസ്സനിവാരണഉടമ്പടി എന്ന പരിഹാരത്തില്‍ ഇരുകൂട്ടരും എത്തിച്ചേര്‍ന്നത്. അതനുസരിച്ച് വിടുതല്‍ക്കരാര്‍ പൂര്‍ണമായി നടപ്പിലാവുംവരെ മാത്രം (അതിനുള്ള നടപടിക്രമങ്ങള്‍ 2019 മാര്‍ച്ച് 29-നുശേഷമേ തുടങ്ങൂ) ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ നികുതിച്ചട്ടക്കൂടില്‍ തുടരും. ഇതിനിടെ ഉത്തര അയര്‍ലന്‍ഡിനും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനുമിടയില്‍ എന്തുതരം കസ്റ്റംസ് പരിശോധനകള്‍ സാധ്യമാണെന്നകാര്യത്തില്‍ തീരുമാനമുണ്ടാക്കണം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: