35 വര്‍ഷം പഴക്കമുള്ള എമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് മാറ്റം വരുത്തി പുതിയ എമിഗ്രേഷന്‍ ബില്ല് 2019 വരുന്നു

ന്യുഡല്‍ഹി: മൂന്നര പതിറ്റാണ്ടു പഴക്കമുള്ള എമിഗ്രേഷന്‍ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തി പുതിയ എമിഗ്രേഷന്‍ ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. സമസ്ത മേഖലകളിലുമുള്ള പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം പരിഷ്‌കരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. 1983ലെ എമിഗ്രേഷന്‍ ആക്ടാണ് 36 വര്‍ഷത്തിനിപ്പുറം കാലോചിതമായി പരിഷ്‌കരിക്കുന്നത്.

എമിഗ്രേഷന്‍ ബില്‍ 2019 ല്‍ ഉള്‍പ്പെടുത്താന്‍ താല്പര്യപ്പെടുന്ന നിര്‍ദേശങ്ങളില്‍ പ്രവാസികളുടെ അഭിപ്രായവും ഗവണ്മെന്റ് ആരാഞ്ഞിരുന്നു. റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പ് ഒഴിവാക്കാന്‍ കടുത്ത നിബന്ധനകളാണ് കരട് ബില്ലിലുള്ളത്. നിയമം ലംഘിക്കുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കനത്ത പിഴയൊടുക്കുമെന്നും സൂചനയുണ്ട്. അനധികൃത മനുഷ്യക്കടത്ത്, വ്യാജ റിക്രൂട്ട്‌മെന്റ്, ലഹരിമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും നിര്‍ദേശിക്കുന്നു.

കരടു എമിഗ്രേഷന്‍ ബില്‍ പാര്‍ലമെന്റില്‍ വയ്ക്കുന്നതിന് മുന്‍പ് പ്രവാസികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്ന് പാര്‍ലമെന്റ് സമിതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ട്വിറ്ററിലൂടെ അഭിപ്രായം തേടിയത്. പ്രവാസികളുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തിയ ശേഷം പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് നിയമമായി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ പദ്ധതി. വിദേശകാര്യമന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജില്‍ ഈ മാസം ഏഴിനാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. നിര്‍ദിഷ്ട ഭേദഗതി ബില്ലിന്റെ വിശദാംശങ്ങളിലേക്കും ഇതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചുള്ള ലിങ്കുകളും അറിയിപ്പിനൊപ്പം നല്‍കിയിരുന്നു.

പുതിയ എമിഗ്രേഷന്‍ ബില്ലില്‍ ചേര്‍ക്കുന്ന കാര്യങ്ങളും അതിന്റെ സവിശേഷതകളും പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്. നേരത്തെ പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച ഗള്‍ഫ് മേഖലയിലേക്കുള്‍പ്പടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരുടെ നിര്‍ബന്ധിത റജിസ്‌ട്രേഷന്‍ നിര്‍ദിഷ്ട കരട് എമിഗ്രേഷന്‍ ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. വിദേശത്തേക്ക് തൊഴില്‍ വീസയില്‍ പോകുന്നവരും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നവരും റജിസ്റ്റര്‍ ചെയ്യണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ബില്‍ ചൂണ്ടിക്കാട്ടുന്നു. ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴിയാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.

യുഎഇ അടക്കം 18 രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇസിഎന്‍ആര്‍ വിഭാഗത്തില്‍പെട്ടവര്‍ ജനുവരി 1 മുതല്‍ നിര്‍ബന്ധമായി റജിസ്റ്റര്‍ ചെയ്യണമെന്ന് കഴിഞ്ഞ നവംബറില്‍ കേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ചില രാജ്യങ്ങളിലുള്ളവരോട് മാത്രം റജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടത് സംശയത്തോടെയാണ് പ്രവാസി സമൂഹം കണ്ടത്. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടില്‍ പോയി തിരിച്ചുവരുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് യാത്രാനുമതി നല്‍കില്ലെന്നായിരുന്നു വ്യവസ്ഥ. ഇതാണ് പ്രവാസികള്‍ ചോദ്യം ചെയ്തതതും പിന്നീട് കേന്ദ്രസര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചതും.

Share this news

Leave a Reply

%d bloggers like this: