ബ്രെക്‌സിറ്റ് കരാറില്‍ പുനഃപരിശോധന ഇല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; പിന്തുണച്ച് അയര്‍ലണ്ടും

യൂറോപ്യന്‍ യൂണിയനില്‍ (ഇ യു) നിന്ന് ബ്രിട്ടന്‍ പിരിയുന്നതിനു കഴിഞ്ഞ നവംബറില്‍ തീര്‍പ്പാക്കിയ കരാര്‍ പുനഃപരിശോധിക്കാന്‍ സാധ്യമല്ലെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് കടുത്ത പ്രതിസന്ധിയിലായി. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ എതിര്‍ത്ത് ബ്രിട്ടിഷ് പാര്‍ലമെന്റ് വോട്ട് ചെയ്‌തെങ്കിലും ബ്രെക്‌സിറ്റ് കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വേണമെന്ന ആവശ്യം എത്രത്തോളം നടപ്പാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വ്യവസ്ഥകളില്‍ പുനഃപരിശോധന ഇല്ലെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും പ്രതികരിച്ചു. അയര്‍ലണ്ടും ഇതേ നിലപാട് ആവര്‍ത്തിക്കുകയാണ്.

കരാര്‍ പുനഃപരിശോധിക്കാന്‍ ബ്രിട്ടീഷ് പൊതു സഭയില്‍ എം പിമാര്‍ ചൊവാഴ്ച മെയ്ക്ക് അനുമതി നല്‍കിയിരുന്നു. ഐറിഷ് റിപ്പബ്‌ളിക്കിന്റെയും ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടിന്റേയും അതിര്‍ത്തികളില്‍ പരിശോധനകള്‍ ഒഴിവാക്കുന്ന വ്യവസ്ഥയാണ് ബ്രിട്ടനു വേണ്ടത്. എന്നാല്‍ ഇ യു കസ്റ്റംസ് യൂണിയനും ഏക വിപണിയും ബ്രിട്ടന്‍ ഉപേക്ഷിക്കുമ്പോള്‍ അത് സാധ്യമല്ല എന്നാണ് ഇ യു നിലപാട്.

കാര്‍ലിങ്ങ്ടണ്‍ ലവ് മുതല്‍ ലവ് ഫോയില്‍ വരെ നീണ്ടു കിടക്കുന്ന 499 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ബ്രിട്ടനെ കരയില്‍ ഇ യു വുമായി വേര്‍തിരിക്കുന്നത്. 1998 ലെ ബെല്‍ഫാസ്റ്റ് കരാറിനു ശേഷം വടക്കന്‍ അയര്‍ലണ്ടില്‍ സമാധാനം കൈവന്നതോടെ അതിര്‍ത്തി പരിശോധനകള്‍ ഇല്ലാതായിരുന്നു. ബ്രിട്ടനും ഇ യുവും പിരിയുമ്പോള്‍ കസ്റ്റംസ് നിയമങ്ങള്‍ വ്യത്യസ്തമാവും. അതോടെ അതിര്‍ത്തി പരിശോധന കൂടിയേ തീരൂ. ചരക്കു വാഹനങ്ങള്‍ ദിവസങ്ങളോളം അതിര്‍ത്തിയില്‍ കെട്ടി കിടക്കുകയും ദൗര്‍ലഭ്യം ഉണ്ടാവുകയും ചെയ്യും. വേര്‍പിരിയാനുള്ള ബ്രെക്‌സിറ് കരാറിലെ ഏറ്റവും കടുത്ത കുരുക്കാണിത്.

കരാറില്ലാതെ പിരിയാം എന്ന മേയുടെ നിര്‍ദേശം എം പിമാര്‍ തള്ളിയത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. കരാര്‍ പുനപരിശോധിക്കാനുള്ള മേയുടെ നിര്‍ദേശം 301 നു എതിരെ 317 വോട്ടിനാണ് സഭ പാസാക്കിയത്. അതേസമയം, ഐറിഷ് ബാക്ക് സ്റ്റോപ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ ബദല്‍ സാധ്യത തേടി യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തുമെന്നാണു കഴിഞ്ഞ ദിവസം ഭേദഗതി നിര്‍ദേശങ്ങളില്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പിനു ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ ഐറിഷ് റിപ്പബ്ലിക്കിനും ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിനുമിടയില്‍ അതിര്‍ത്തി തിരിക്കാന്‍ പാടില്ലെന്നു കരാറുള്ളതാണു പ്രധാന കീറാമുട്ടി. തല്‍ക്കാലം ഈ സ്ഥിതി തുടരുകയും പകരം വടക്കന്‍ അയര്‍ലന്‍ഡിനും ബ്രിട്ടന്റെ മറ്റു ഭാഗങ്ങള്‍ക്കുമിടയില്‍ വെവ്വേറെ കസ്റ്റംസ് ചട്ടങ്ങള്‍ അനുവദിക്കുകയുമെന്ന ‘ഐറിഷ് ബാക്ക് സ്റ്റോപ്’ വ്യവസ്ഥയാകട്ടെ പാര്‍ലമെന്റിനു സ്വീകാര്യമല്ല. ഇക്കാര്യത്തില്‍ വ്യക്തമായ പോംവഴി കണ്ടെത്താന്‍ മേയ്ക്കു കഴിഞ്ഞിട്ടില്ല.

Share this news

Leave a Reply

%d bloggers like this: